ഉപഭോക്തൃ സേവനം: ജിഎസ്ടി ഒഴിവാക്കി; കെഎസ്ഇബി ബില്ലിൽ മീറ്റർ വാടക കുറയും
Mail This Article
തിരുവനന്തപുരം ∙ കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉപഭോക്തൃ സേവനങ്ങൾക്കും ജിഎസ്ടി ഒഴിവാക്കി. വൈദ്യുതി വിതരണ കമ്പനികളുടെ വിതരണ– പ്രസരണ ഇടപാടുകൾക്കു ജിഎസ്ടി കൗൺസിൽ ഇളവു നൽകിയതിനെത്തുടർന്നാണിത്. വൈദ്യുതി ബില്ലിലെ മീറ്റർ വാടകയും കുറയും.
നിലവിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഇടപാടുകൾക്കും 18% ആണ് ജിഎസ്ടി. വൈദ്യുതി ബില്ലിലെ വിവിധ വിഭാഗങ്ങളിൽ ജിഎസ്ടി ഈടാക്കുന്നത് മീറ്റർ വാടകയ്ക്കാണ്. നിലവിൽ ത്രീ ഫെയ്സ് കണക്‌ഷന് മീറ്റർ വാടകയായി 30 രൂപ നൽകുന്നവർ കേന്ദ്ര, സംസ്ഥാന ജിഎസ്ടി വിഹിതമായി 5.40 രൂപ അധികമായി അടയ്ക്കണം. ഇനി മുതൽ ബില്ലിൽ 5.40 രൂപ കുറയും. 6 രൂപ മുതൽ 1000 രൂപ വരെ മീറ്റർ വാടകയുള്ള വിവിധ വിഭാഗം ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ തുക കുറയും.
സെക്‌ഷൻ ഓഫിസുകളുമായി ബന്ധപ്പെട്ട വിവിധ ഡിപ്പോസിറ്റ് ജോലികൾക്കും നികുതി ഒഴിവാകും. വീടിനു സമീപത്തെ പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നത് ഡിപ്പോസിറ്റ് ജോലിയാണ്.
അതേസമയം, സൗരോർജ പ്ലാന്റുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങൾക്കും നിലവിലുള്ള ജിഎസ്ടി തുടരും. വിവിധ കരാർ ജോലികൾക്കും ജിഎസ്ടി തുടരും. മീറ്റർ വാടക, വീലിങ് ചാർജ്, ട്രാൻസ്മിഷൻ ചാർജ് എന്നിവയ്ക്കാണു വൈദ്യുതി മേഖലയിൽ പ്രധാനമായി ജിഎസ്ടി ഒഴിവാകുന്നത്.