എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബിൽ: വിവാദ ഉത്തരവ് റദ്ദാക്കും
Mail This Article
തിരുവനന്തപുരം∙ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബിൽ മാറുന്നതിന് സ്ഥാപന മേലധികാരിക്കു പുറമേ ഉന്നതാധികാരി കൂടി സാക്ഷ്യപ്പെടുത്തണമെന്ന വിവാദ ഉത്തരവ് നടപ്പാകില്ല. ഈ മാസം മുതൽ നടപ്പാക്കാൻ നിർദേശിച്ച് കഴിഞ്ഞ 30ന് ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെയിറങ്ങും.
ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളിൽ നിന്നുള്ള വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ധനവകുപ്പ് ഉത്തരവിൽ നിന്നു പിൻവലിഞ്ഞത്. എയ്ഡഡ് സ്കൂളുകളിലെയും കോളജുകളിലെയും ജീവനക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരവാണിതെന്നും ഇതു നടപ്പാക്കിയാൽ ബിൽ മാറുന്നതിലുള്ള നടപടിക്രമങ്ങളിൽ കാലതാമസം നേരിടുമെന്നുമായിരുന്നു പ്രധാന പരാതി.
പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി കൂടിയാലോചനയില്ലാതെയാണ് ധനവകുപ്പ് വിവാദ ഉത്തരവിറക്കിയതെന്നാണു സൂചന. സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ഈ വിഷയം ധനമന്ത്രിയുമായി ചർച്ച ചെയ്തു പരിഹരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
സമീപകാലത്ത് വിവാദത്തെ തുടർന്ന് ധനവകുപ്പിനു പിൻവലിയേണ്ടി വന്ന രണ്ടാമത്തെ ഉത്തരവാണിത്. ഭിന്നശേഷിക്കാരായ മക്കൾക്ക് ആജീവനാന്തം കുടുംബ പെൻഷൻ ലഭിക്കുന്നതിന് വാർഷിക കുടുംബ വരുമാനം 60,000 രൂപയായി പരിമിതപ്പെടുത്തിയ ഉത്തരവായിരുന്നു മറ്റൊന്ന്. എതിർപ്പിനെ തുടർന്ന് ഈ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.