പഞ്ചായത്തുകളിലെ വാർഡ് വിഭജനം: പൂർത്തിയാക്കാനാവാതെ സെക്രട്ടറിമാർ നെട്ടോട്ടത്തിൽ
Mail This Article
കണ്ണൂർ∙ പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിന്റെ കരടുപട്ടിക തയാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കാനുള്ള അവസാനദിനം ഇന്നായിരിക്കെ, വിഭജനം പൂർത്തിയാക്കാനാകാതെ സെക്രട്ടറിമാർ. കുറഞ്ഞ സമയം മാത്രമേ പട്ടിക തയാറാക്കാൻ ലഭിച്ചിട്ടുള്ളൂവെന്നതിനാൽ പകുതി ജോലി പോലും തീർക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ തീയതി നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളിൽ 55 പഞ്ചായത്തുകൾ ഒഴികെയുള്ളവയിലെ വാർഡുകളാണു വിഭജിക്കുന്നത്. 2001ലെ സെൻസസ് പ്രകാരം നിശ്ചയിച്ചതാണ് നിലവിലെ വാർഡുകൾ. ഇപ്പോൾ 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനം നടത്തേണ്ടത്. മിക്ക പഞ്ചായത്തുകളിലും ശരാശരി 2 വാർഡുകളെങ്കിലും കൂടിയിട്ടുണ്ട്. പുഴ, നദി, തോട്, കായൽ, റോഡ്, റെയിൽവേ ലൈൻ എന്നിവയായിരിക്കണം വാർഡുകളുടെ അതിർത്തി. സെക്രട്ടറിമാർ നേരിൽ പോയിക്കണ്ടു വേണം അതിർത്തി നിശ്ചയിക്കാൻ.
പഞ്ചായത്തിലെ അംഗസംഖ്യ പ്രകാരമാകണം വാർഡ് വിഭജനവും അതിർത്തി നിർണയവും. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് ആയിരിക്കണം വാർഡ് 1. പിന്നീട് ക്ലോക്ക് ദിശയിൽ മറ്റു വാർഡുകൾ വരണം. ഇതെല്ലാം കൃത്യമായി തയാറാക്കി പഴയ വാർഡുകളുടെ ഭൂപടം സഹിതം വേണം ജില്ലാ കലക്ടർക്കു സമർപ്പിക്കാൻ. കലക്ടർ പരിശോധിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ നിർദേശപ്രകാരമാണെന്ന് ഉറപ്പുവരുത്തി 25ന് കമ്മിഷന് സമർപ്പിക്കണം. കരടുപ്രസിദ്ധീകരിച്ചാൽ ആക്ഷേപമുണ്ടെങ്കിൽ പരാതി നൽകാം.
ഇങ്ങനെ പരാതി വന്നാൽ സെക്രട്ടറിമാർ വീണ്ടും ആദ്യം മുതൽ വിഭജനപ്രക്രിയ തുടങ്ങണം. പഞ്ചായത്തുകളുടെ വിഭജനം പൂർത്തിയായ ശേഷം ബ്ലോക്കുകളുടെയും പിന്നീട് ജില്ലാ പഞ്ചായത്തിന്റെയും തുടങ്ങും. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ നൂറിടങ്ങളിലെങ്കിലും സെക്രട്ടറിമാർ ഇല്ലാത്ത സ്ഥിതിയുണ്ട്. അവിടെയെല്ലാം മറ്റുള്ളവർക്കു ചുമതല കൊടുത്തിരിക്കുകയാണ്.