ADVERTISEMENT

ആലപ്പുഴ ∙ കമ്യൂണിസ്റ്റ് കുടുംബത്തിലെ ഖദർധാരി- രാഷ്ട്രീയത്തിൽ പണ്ടേ വിസ്മയമായിരുന്നു ലാൽ വർഗീസ് കൽപകവാടി. പിതാവ് വർഗീസ് വൈദ്യന്റെ കമ്യൂണിസ്റ്റ് പാരമ്പര്യം മൂത്തമകൻ എന്തുകൊണ്ടു പിന്തുടർന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കാറില്ലായിരുന്നു.

വിദ്യാർഥിയായിരുന്നപ്പോൾ മുതൽ ലാൽ വർഗീസ് കോൺഗ്രസ് ധാരയിലായിരുന്നു. മകൻ അമ്പുവും അനുജൻ ചെറിയാൻ കൽപകവാടിയും കുടുംബത്തിലെ ഇടതുപക്ഷക്കാരായി വളർന്നു. അമ്പു പിന്നീട് പിതാവിനെ പിൻപറ്റി കോൺഗ്രസായി. അമ്മയുടെ കുടുംബക്കാർ പേരുകേട്ട കോൺഗ്രസുകാരായിരുന്നു. ഒരുപക്ഷേ, കുട്ടിക്കാലത്ത് അതു ലാലിനെ ആകർഷിച്ചിരിക്കാം. 

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പഠിക്കുമ്പോൾ അദ്ദേഹം സജീവ കെഎസ്‌യു പ്രവർത്തകനായിരുന്നു. അന്നേ സൗഹൃദമുള്ള രമേശ് ചെന്നിത്തലയ്ക്ക് ഓർമയിലുണ്ട് ആ കാലം. കെ.കരുണാകരൻ ഉൾപ്പെടെ നേതാക്കളുമായും നല്ല ബന്ധം സൂക്ഷിച്ചു.

യൂത്ത് കോൺഗ്രസ് കാലം കഴിഞ്ഞപ്പോൾ കർഷക കോൺഗ്രസിലായിരുന്നു കൂടുതൽ ശ്രദ്ധ. താൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ കർഷക കോൺഗ്രസ് പ്രസിഡന്റായ ലാൽ ആ സ്ഥാനത്ത് 15 വർഷത്തോളം പ്രവർത്തിച്ചതു രമേശ് ഓർക്കുന്നു. പിന്നീടു രാജ്യസഭാ സ്ഥാനാർഥിയുമായി. അതു കർഷക കോൺഗ്രസിനുള്ള അംഗീകാരമായാണ് ലാൽ വർഗീസ് കണ്ടത്. എഐസിസി കിസാൻ സെൽ രൂപീകരിച്ചപ്പോൾ അദ്ദേഹം കൺവീനറായി. അടുത്തയിടെ ചെറിയാൻ കൽപകവാടിയുടെ മകളുടെ വിവാഹത്തിനു ക്ഷണിക്കാൻ ലാലും വന്നിരുന്നു. അപ്പോൾ ആൾ ഊർജസ്വലനായിരുന്നു. പെട്ടെന്ന് ഇങ്ങനെയൊരു വിയോഗം പ്രതീക്ഷിച്ചില്ല - രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ആതിഥേയൻ

രണ്ടു തവണ രാഹുൽ ഗാന്ധിക്കു ഭക്ഷണം വിളമ്പിയിട്ടുണ്ട് ലാൽ വർഗീസിന്റെ കൽപകവാടി റസ്റ്ററന്റ്. 2014ൽ രാഹുൽ യൂത്ത് കോൺഗ്രസ് പദയാത്രയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആദ്യം. പിന്നെ ഭാരത് ജോഡോ യാത്രയുമായി വന്നപ്പോൾ രാഹുലിന്റെയും സംഘത്തിന്റെയും ഭക്ഷണവും വിശ്രമവും കൽപകവാടിയിലായിരുന്നു.

English Summary:

Congress member Lal Varghese Kalpakavadi was from Communist family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com