വെടിക്കെട്ട് വിജ്ഞാപനം: കേന്ദ്രത്തിൽ വീണ്ടും ചർച്ച; അകലം 45 മീറ്ററായി കുറച്ചേക്കും
Mail This Article
തൃശൂർ ∙ ഉത്സവത്തിനും പെരുന്നാളിനും മറ്റും വെടിക്കെട്ട് നടത്താനാകാത്തവിധമുള്ള വിജ്ഞാപനത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചർച്ചയാരംഭിച്ചു. വെടി പൊട്ടിക്കുന്ന സ്ഥലവും (ഫയർലൈൻ) ഇതിനുള്ള സാമഗ്രികൾ സൂക്ഷിക്കുന്ന ഇടവും (മാഗസിൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്ന നിബന്ധനയിലാണ് ഏറെ എതിർപ്പ്.
2016 ലെ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശകൾപ്രകാരമാണു വിജ്ഞാപനമെന്നതിനാൽ കമ്മിഷൻ അംഗങ്ങളുമായാണ് ആദ്യവട്ട ചർച്ച നടന്നത്. എന്നാൽ, റിപ്പോർട്ടിൽ 200 മീറ്റർ ദൂരപരിധി നിർദേശിച്ചിട്ടില്ലെന്നും സ്ഫോടകവസ്തുനിയമത്തിൽ പറയുന്ന 45 മീറ്റർ അകലം വേണമെന്നാണു ശുപാർശ ചെയ്തതെന്നും സമിതി അംഗമായ റിട്ട. എക്സ്പ്ലോസീവ്സ് ജോയിന്റ് ചീഫ് കൺട്രോളർ ഡോ.ആർ. വേണുഗോപാൽ ‘മനോരമ’യോടു പറഞ്ഞു. നിയമത്തിൽ, 3500 കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു ഫയർലൈനിലേക്കു 45 മീറ്റർ അകലമാണു പറയുന്നത്.
ഭേദഗതി വേണം: കേരളം
തിരുവനന്തപുരം ∙ തൃശൂർ പൂരം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ വെടിക്കെട്ടിനു തടസ്സമാകുന്ന നിയന്ത്രണങ്ങൾ ഭേദഗതി ചെയ്യണമെന്നു കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കിത്തന്നെ, നിലവിലെ രീതിയിൽ പൂരം നടത്താൻ അനുമതി നൽകണമെന്നു മന്ത്രി കെ.രാജൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.