റേഷൻ മസ്റ്ററിങ്; ഓൺലൈൻ സൗകര്യം വേണമെന്ന് കേരളം
Mail This Article
തിരുവനന്തപുരം ∙ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും മസ്റ്ററിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർഥിക്കും. മസ്റ്ററിങ്ങിനു സാങ്കേതികസഹായം നൽകുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും കത്തയയ്ക്കും.
-
Also Read
ബെംഗളൂരുവിൽ കാണാതായ യുവാവിനെ കണ്ടെത്തി
മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് അവിടെ മസ്റ്ററിങ്ങിനു സംവിധാനമൊരുക്കാമെന്നാണ് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം കേരളത്തെ അറിയിച്ചിരുന്നത്. എന്നാൽ, അത്തരം സംവിധാനങ്ങളൊന്നും ലഭ്യമല്ലെന്നു പരാതികൾ ലഭിച്ചതിനാലാണ് ഓൺലൈൻ സംവിധാനം തേടുന്നത്.
രണ്ടു വിഭാഗം കാർഡുകളിലുമായുള്ള 1.53 കോടി ഗുണഭോക്താക്കളിൽ 1.26 കോടി പേർ മാത്രമാണ് മസ്റ്ററിങ് നടത്തിയത്. 27 ലക്ഷത്തോളം പേർ ബാക്കിയുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ് വീട്ടിലെത്തി റേഷൻ വ്യാപാരികൾ നടത്തുന്നുണ്ട്.
ഇ പോസ് യന്ത്രത്തിൽ വിരലടയാളം പതിയാത്തവർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരുടെ മസ്റ്ററിങ്ങിനായി വ്യാപാരികൾ ഐറിസ് സ്കാനർ സ്വന്തം നിലയിൽ വാങ്ങി ഉപയോഗിച്ചുവരികയാണ്. ചില വ്യാപാരികൾ കൂട്ടമായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സഹായത്തോടെ ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്.