മഹാരാജാസിന്റെ സ്വയംഭരണ പദവി: തീരുമാനം 2 മാസത്തിനുള്ളിൽ; വിദ്യാർഥികൾ ആശങ്കപ്പെടേണ്ടെന്ന് യുജിസി
Mail This Article
ന്യൂഡൽഹി ∙ എറണാകുളം മഹാരാജാസ് കോളജിന്റെ സ്വയംഭരണ പദവി സംബന്ധിച്ചു 2 മാസത്തിനുള്ളിൽ തീരുമാനമുണ്ടാകും. ഓൺലൈൻ അപേക്ഷ ലഭിച്ചെന്നും സ്വയംഭരണ പദവി അനുവദിക്കുന്നതിൽ കാര്യമായ തടസ്സമില്ലെന്നുമാണു യുജിസിയിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അന്തിമ തീരുമാനം ഡിസംബർ–ജനുവരി മാസങ്ങൾക്കുള്ളിലുണ്ടാകും.
സ്വയംഭരണ പദവിയില്ലാത്ത ഇടക്കാലത്ത് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദങ്ങളിൽ ആശങ്ക വേണ്ടെന്നാണു മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സ്വയംഭരണ പദവിയുണ്ടെങ്കിലും യൂണിവേഴ്സിറ്റിയുടെ ബിരുദമാണു വിദ്യാർഥികൾക്കു ലഭിക്കുന്നത്. ഈ സർട്ടിഫിക്കറ്റിനുള്ള അംഗീകാരത്തിൽ പ്രശ്നമില്ലെന്നും വിശദീകരിക്കുന്നു.
സ്വയംഭരണ പദവി നീട്ടാനുള്ള അപേക്ഷ 2020 ലാണു മഹാരാജാസ് കോളജ് നൽകിയിരുന്നത്. ഇതിനിടെ അപേക്ഷാ നടപടികൾ ഓൺലൈനിലേക്കുൾപ്പെടെ മാറിയതും മാനദണ്ഡങ്ങൾ പരിഷ്കരിച്ചതും പരിശോധന ഹൈബ്രിഡ് രീതിയിലേക്കു മാറിയതും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വന്നു. ഓൺലൈൻ അപേക്ഷയും മഹാരാജാസ് കോളജ് സമർപ്പിച്ചിട്ടുണ്ട്.