ADVERTISEMENT

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിനെ മരണത്തിലേക്കു തള്ളിവിട്ട സംഭവം അസാധാരണ കേസായി പരിഗണിക്കേണ്ടതാണെങ്കിലും പൊലീസ് കൈകാര്യം ചെയ്യുന്നത് തികഞ്ഞ ലാഘവത്തോടെ. അന്വേഷണത്തിനു റവന്യു, ആരോഗ്യ വകുപ്പുകൾ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും പൊലീസ് അന്വേഷണം നടത്തുന്നത് സർവീസ് റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥനാണ്.

 ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കാണ് റവന്യു വകുപ്പിൽ അന്വേഷണച്ചുമതല. പ്രിൻസിപ്പൽ സെക്രട്ടറിയാണ് ആരോഗ്യ വകുപ്പിൽ അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം നടത്തുന്നതാകട്ടെ സ്റ്റേഷൻ ഓഫിസറായ ടൗൺ ഇൻസ്പെക്ടറും. എസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കേണ്ട കേസാണിതെന്ന അഭിപ്രായം ശക്തമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തി ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിയാവുകയും ഗൂഢാലോചനയിൽ കലക്ടറുടെ പങ്ക് ആരോപിക്കപ്പെടുകയും ചെയ്യുന്ന കേസായിട്ടും അതിന്റെ ഗൗരവം പൊലീസ് ഉൾക്കൊണ്ടില്ല.

അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കേണ്ട സാഹചര്യവും ഇതിലുണ്ടെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിൽനിന്നു ന്യായമായി കിട്ടേണ്ട സേവനത്തിനു കൈക്കൂലി കൊടുത്തെന്നു സർക്കാർ ശമ്പളം പറ്റുന്ന സംരംഭകൻ സമ്മതിച്ച കേസാണ്. നിർബന്ധ സാഹചര്യത്തിൽ കൈക്കൂലി കൊടുക്കേണ്ടി വന്നാൽ, അത് ഒരാഴ്ചയ്ക്കുള്ളിൽ അധികാരികളെ അറിയിച്ചില്ലെങ്കിൽ കൊടുത്തയാളും പ്രതിയാകും. പെട്രോൾ പമ്പിന് എൻഒസി നേടിയ ടി.വി.പ്രശാന്ത് ഇതെല്ലാം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ഇല്ലെങ്കിൽ കേസെടുക്കുകയും വേണം. എന്നാൽ, പ്രശാന്തിനെ 2 തവണ മൊഴിയെടുത്തു വിട്ടതല്ലാതെ ഒന്നുമുണ്ടായില്ല.

എത്രയും വേഗം പരമാവധി തെളിവുകൾ ശേഖരിക്കേണ്ട കേസായിട്ടും അന്വേഷണം ഇഴയുകയാണ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസിൽ പ്രതിചേർക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ കേസെടുത്തതിന്റെ ആറാം നാളിലും പൊലീസ് തയാറായിട്ടില്ല.

കേസിൽ കൃത്രിമ തെളിവുകൾ ഉണ്ടാക്കാനും തെളിവുകൾ തേയ്ച്ചുമായ്ക്കാനും സാക്ഷികളെ സ്വാധീനിക്കാനും കുറ്റാരോപിതർക്ക് അവസരം ലഭിക്കുമെന്നതാണ് ഇത്തരം കേസുകളിൽ അറസ്റ്റ് വൈകുന്നതു കൊണ്ടു സംഭവിക്കുക. ഈ കേസിലും അത്തരം സംശയങ്ങൾ ഉയരുന്നുണ്ട്.

English Summary:

Naveen Babu Death: Is Police Apathy Protecting Powerful Figures?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com