സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹിത്വം: ഗോവിന്ദന്റെ നിർദേശത്തിന് മുഖ്യമന്ത്രിയുടെ തിരുത്ത്
Mail This Article
തിരുവനന്തപുരം∙ സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെയും നിർദേശം തള്ളിയതു മുഖ്യമന്ത്രി പിണറായി വിജയൻ.
എം.വി.ഗോവിന്ദന്റെ തീരുമാനം മറികടക്കാൻ സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനും സിപിഎം ജില്ലാ കമ്മിറ്റിയും ഇടപെട്ടതായാണു വിവരം.
നിലവിലെ പ്രസിഡന്റ് പി.ഹണിയും ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാറും തമ്മിലെ ചേരിപ്പോരാണു സമ്മേളനത്തലേന്നു വരെ അനിശ്ചിതത്വമുണ്ടാക്കിയത്.
സംഘടനാ നേതൃത്വത്തിനെതിരെ ചില ആരോപണങ്ങളുള്ളതിനാൽ ഈ സമ്മേളനത്തിൽ ഹണി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന നിലപാടാണു ഗോവിന്ദനും ദിനേശനും മാസങ്ങൾക്കു മുൻപേ സ്വീകരിച്ചത്.
എന്നാൽ സംഘടനയുടെ നിർവാഹക സമിതിയിൽപെട്ട പാർട്ടി അംഗങ്ങളായ 40 പേരുടെ യോഗം (ഫ്രാക്‌ഷൻ കമ്മിറ്റി) ശനിയാഴ്ച എകെജി സെന്ററിൽ ചേർന്നപ്പോൾ ജനറൽ സെക്രട്ടറിയടക്കം 13 പേരെ ഒഴിവാക്കണമെന്നു ഹണി പക്ഷം നിലപാടെടുത്തു.
ഇതിനെ മറുവിഭാഗം എതിർത്തപ്പോൾ, ഹണിയെ ഒഴിവാക്കി പാനൽ സമർപ്പിക്കാൻ ഗോവിന്ദൻ നിർദേശിച്ചു. ഇതോടെ ഹണിയെ അനുകൂലിക്കുന്ന ഭൂരിപക്ഷം ബഹളം വച്ചു. തീരുമാനമാകാതെ യോഗം പിരിഞ്ഞു. ഇതിനു ശേഷമാണു ആനാവൂർ അടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചത്. ഭൂരിപക്ഷം ഹണിക്കൊപ്പമാണെന്നും ബോധ്യപ്പെടുത്തി.
∙നിലവിലെ എല്ലാ നിർവാഹക സമിതി അംഗങ്ങളെയും നിലനിർത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. പുതിയതായി 6 പേരെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ഹണിയുടെ ആവശ്യവും അംഗീകരിച്ചു.
ഫയൽ മുന്നിലെത്തിയാൽ താനായി ഒരു തീരുമാനവുമെടുക്കില്ല എന്ന നിലപാടുള്ള ചില രസികന്മാരും രസികത്തികളും സെക്രട്ടേറിയറ്റിലുണ്ട്. ഒരു ചോദ്യം കൊണ്ടു തീർക്കാവുന്ന കാര്യങ്ങൾ ഒരു ഫയലായി പോകുമ്പോഴുള്ള കാലതാമസം ആധുനിക സമൂഹത്തിനു യോജിച്ചതല്ല. തീരുമാനമെടുക്കേണ്ടിടത്തു തീരുമാനമെടുത്ത് ഉത്തരവാദിത്തം നിർവഹിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.-മുഖ്യമന്ത്രി പിണറായി വിജയൻ