‘എഡിഎമ്മിന് കൈക്കൂലി കൊടുക്കാൻ താൻ നിർബന്ധിതനായി’; ആരോപണത്തിൽ നിന്നു തലയൂരാൻ പ്രശാന്തൻ
Mail This Article
തിരുവനന്തപുരം ∙ പെട്രോൾ പമ്പിനു നിരാക്ഷേപപത്രം (എൻഒസി) ലഭിക്കാൻ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽനിന്നു തലയൂരാൻ സംരംഭകൻ ടി.വി.പ്രശാന്തിന്റെ ശ്രമം. എൻഒസി ലഭിക്കുന്നതിന് എഡിഎം നവീൻ ബാബുവിനു കൈക്കൂലി നൽകാൻ നിർബന്ധിതനായി എന്ന് വിജിലൻസിനു മൊഴി നൽകി. കൈക്കൂലി ഇടപാടിന്റെ കാരണക്കാരൻ നവീനാണെന്നു വരുത്തിത്തീർക്കാനാണു ശ്രമം.
കൈക്കൂലി വാഗ്ദാനംചെയ്ത് നവീനെ താൻ സമീപിച്ചതല്ലെന്നും മറ്റു വഴിയില്ലാത്തതിനാൽ നൽകേണ്ടിവന്നതാണെന്നും അത് തന്റെ പേരിലുള്ള കുറ്റമായി കണക്കാക്കരുതെന്നും ചൂണ്ടിക്കാട്ടി, അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ നിന്നൊഴിവാകാനുള്ള നീക്കമാണു പ്രശാന്ത് നടത്തുന്നത്. മൊഴി വിശദമായി പരിശോധിച്ചശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, നവീനു കൈക്കൂലി നൽകിയതു സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിനു മുന്നിൽ പ്രശാന്തിനു ഹാജരാക്കാനായിട്ടില്ലെന്നാണു സൂചന.
നവീന്റെ ആത്മഹത്യയിലേക്കു നയിച്ച കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കോഴിക്കോട് സ്പെഷൽ സെൽ എസ്പി: അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂർത്തിയാക്കാൻ 6 മാസം സമയമുണ്ട്. മുഖ്യമന്ത്രിക്കു നൽകിയതെന്ന പേരിൽ പ്രശാന്തിന്റേതായി പുറത്തുവന്ന പരാതിയുടെ നിജസ്ഥിതിയും സംഘം പരിശോധിക്കും.
പണം നൽകിയെന്ന് പ്രശാന്ത്
കണ്ണൂർ ∙ പെട്രോൾ പമ്പിനു നിരാക്ഷേപപത്രം (എൻഒസി) ശരിയാക്കാൻ എഡിഎം കെ.നവീൻ ബാബുവിനു പണം നൽകിയെന്ന മൊഴി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലും ടി.വി. പ്രശാന്ത് ആവർത്തിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളജ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പ്രശാന്തിന്റെ നടപടികൾ സംബന്ധിച്ച് അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, മെഡിക്കൽ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ എന്നിവരാണു മൊഴിയെടുത്തത്.
മെഡിക്കൽ കോളജിൽ ജോലി ചെയ്യുമ്പോൾ വ്യവസായം തുടങ്ങാൻ അനുമതി വാങ്ങിയോ, എൻഒസി ലഭ്യമാക്കാൻ കൈക്കൂലി നൽകിയോ എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘം പ്രശാന്തിനോടു ചോദിച്ചതെന്നറിയുന്നു. അനുമതി ആവശ്യമാണെന്ന് അറിയില്ലെന്നും കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നതായും പ്രശാന്ത് മൊഴി നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷീബാ ദാമോദരൻ, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവരിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
കലക്ടറെ മാറ്റുന്നതിൽ തീരുമാനമായില്ല
തിരുവനന്തപുരം ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ഉയർന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടർ അരുൺ കെ.വിജയനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല. കലക്ടറെ മാറ്റുന്ന കാര്യം ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ ചർച്ചയായില്ല.