ADVERTISEMENT

തിരുവനന്തപുരം ∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 1300 കോടി രൂപ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ഫയൽ ധനവകുപ്പിൽ. വൈകാതെ തുക അനുവദിച്ചില്ലെങ്കിൽ പദ്ധതി നിലച്ചു പോകുമെന്ന് ഓർമപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ഒരുമിച്ചു നൽകാനാവില്ലെന്നു പറ‍ഞ്ഞ ധനവകുപ്പ് ഉദ്യോഗസ്ഥർ 100 കോടിയെങ്കിലും നൽകാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാക്കി.

കാസ്പിൽ എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം കുടിശികയ്ക്കു വേണ്ടി കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. കുടിശിക ലഭിച്ചില്ലെങ്കിൽ പദ്ധതിയിൽ നിന്നു പിന്മാറുമെന്നാണു സ്വകാര്യ മെഡിക്കൽ കോളജുകൾ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.  കേന്ദ്ര വിഹിതത്തിലെ വർധന പ്രതീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ് . പദ്ധതിച്ചെലവിന്റെ 60% എങ്കിലും  നൽകണമെന്ന് മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രി ജെ.പി.നദ്ദയോട് ആവശ്യപ്പെട്ടതിന് മറുപടി നൽകിയിട്ടില്ല.

കേന്ദ്രം രാജ്യത്തെ 70 വയസ്സു കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ  പ്രഖ്യാപിച്ചെങ്കിലും പദ്ധതിയുടെ വിശദാംശങ്ങൾ കൈമാറിയിട്ടില്ലെന്നു സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലെ (എസ്എച്ച്എ) ഉദ്യോഗസ്ഥർ പറ‍‌ഞ്ഞു.  കേരളത്തിൽ കാസ്പിൽ  ലയിപ്പിച്ചാണു പദ്ധതി നടപ്പാക്കുക. എസ്എച്ച്എയാണ്  കാസ്പ് നടപ്പാക്കുന്നത്. നിലവിൽ കാസ്പ് വഴിയുള്ള ആരോഗ്യ ഇൻഷുറൻസിൽ 41.99 ലക്ഷം കുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയം 1050 രൂപയാണ്. ഇതിൽ 23.97 ലക്ഷം കുടുംബങ്ങൾക്കു മാത്രമാണ് 631. 20 രൂപ വീതം കേന്ദ്രം നൽകുന്നത്. 

ഇതിന്റെ ബാക്കി ‍വിഹിതവും ശേഷിക്കുന്ന 18.02 ലക്ഷത്തിന്റെ മുഴുവൻ പ്രീമിയവും സംസ്ഥാനമാണു നൽകുന്നത്.  70 വയസ്സു കഴിഞ്ഞവരുടെ സൗജന്യചികിത്സയുടെ കാര്യത്തിലും  കേന്ദ്രം ഇതേ സമീപനം സ്വീകരിച്ചാൽ കേരളത്തിന് വലിയ ബാധ്യത ഉണ്ടാകും.

English Summary:

Karunya Padhathi: 1300 crore urgently demanded by health department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com