പശുവുണ്ടോ ?: ‘പശു സഖി’മാർ ഇന്നു മുതൽ വീടുകളിലെത്തും
Mail This Article
തിരുവനന്തപുരം ∙ പശു ഉണ്ടോ എന്നന്വേഷിച്ച് കുടുംബശ്രീയുടെ ‘പശു സഖി’ മാർ ഇന്നു മുതൽ വീടുകളിലെത്തും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം. കേരളത്തിൽ ഇന്നാരംഭിക്കുന്ന നാലുമാസത്തെ കന്നുകാലി സെൻസസിന്റെ ഭാഗമാണിത്. കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികൾ ഊർജിതമാക്കാൻ പ്രവർത്തിക്കുന്ന 3155 പശു സഖിമാരാണ് എന്യുമറേറ്റർമാർ. കന്നുകാലികൾ, പക്ഷികൾ, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയുടെ എണ്ണം, ഇനം, പ്രായം, ലിംഗം എന്നിങ്ങനെയുള്ള വിവരങ്ങൾ, മൃഗകർഷകരുടെയും വനിതാ സംരംഭകരുടെയും എണ്ണം, ഈ മേഖലയിലെ ഗാർഹിക , ഗാർഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെ കണക്കുകൾ എന്നിവ ശേഖരിക്കും.
അറവുശാലകൾ, മാംസ സംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെയും കണക്കെടുക്കും. സെപ്റ്റംബർ രണ്ടിനു തുടങ്ങാൻ തീരുമാനിച്ചിരുന്ന സെൻസസ് സോഫ്റ്റ് വെയർ തകരാറും ജീവനക്കാരുടെ പരിശീലനം പൂർത്തിയാകാഞ്ഞതും മൂലമാണ് വൈകിയത്. 1919ൽ തുടങ്ങിയ കന്നുകാലി സെൻസസ് 5 വർഷം കൂടുമ്പോഴാണു നടത്തുക.