ADVERTISEMENT

തിരുവനന്തപുരം ∙ തുറമുഖ നിർമാണം അഞ്ചുവർഷം വൈകിയതിനെത്തുടർന്ന് അദാനി കമ്പനിയിൽനിന്നു 911 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യം പിൻവലിച്ച് സർക്കാർ ഒത്തുതീർപ്പിനു തയാറായത് കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കാനാണെന്ന വാദം പൊളിയുന്നു. ആർബിട്രേഷനിൽ സർക്കാർ ഒത്തുതീർപ്പിനു വഴങ്ങി എട്ടുമാസം കഴിഞ്ഞിട്ടും കേന്ദ്രഫണ്ടിനുള്ള ത്രികക്ഷി കരാർ വച്ചില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ ഒത്തുതീർപ്പിന്റെ ഭാഗമായി അദാനിയുടെ നടത്തിപ്പു കാലാവധി 40 വർഷമെന്നതു 45 വർഷമാക്കി ഉയർത്തിയപ്പോൾ, ലാഭവിഹിതം 2034ൽ തന്നെ ലഭിക്കണമെന്ന നിബന്ധന സർക്കാർ മുന്നോട്ടുവച്ചിരുന്നു. 90 ദിവസത്തിനകം ഈ നിബന്ധനകൾ ഉൾപ്പെടുത്തി അദാനിയുമായി പുതുക്കിയ നടത്തിപ്പു കരാർ (സപ്ലിമെന്ററി കൺസഷൻ എഗ്രിമെന്റ്) വയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മൂന്നുതവണയായി 270 ദിവസം വരെ നീട്ടിയിട്ടും ഈ കരാറും വച്ചില്ല. ഫലത്തിൽ, പിഴയിൽനിന്നു രക്ഷപ്പെട്ട അദാനിക്കു തുറമുഖനടത്തിപ്പു കാലാവധിയും നീട്ടി നൽകിയതൊഴിച്ചാൽ ഒത്തുതീർപ്പിലൂടെ സർക്കാരിനു ഗുണമുണ്ടായില്ല.

2019 ഡിസംബറിൽ കഴിയേണ്ട നിർമാണം വൈകിയതിനു നഷ്ടപരിഹാരമാവശ്യപ്പെട്ട് സർക്കാർ അദാനിക്കു നോട്ടിസ് നൽകിയപ്പോഴാണ് അവർ ആർബിട്രേഷൻ ഫയൽ ചെയ്തത്. സമയത്തു സർക്കാർ സാധനങ്ങൾ ലഭ്യമാക്കാത്തതിനാലും പ്രകൃതിക്ഷോഭം മൂലവുമാണു നിർമാണം വൈകിയതെന്നു വാദിച്ച അദാനി, നിർമാണ കാലാവധി 2024 ഡിസംബറിലേക്കു നീട്ടണമെന്നും തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം 45 വർഷമാക്കണമെന്നും ആവശ്യപ്പെട്ടു.

ഒത്തുതീർപ്പിനു തയാറായ സർക്കാർ രണ്ടാവശ്യവും അംഗീകരിച്ചു. കരാർ ലംഘനത്തിന് 219 കോടി രൂപ തടഞ്ഞുവയ്ക്കുമെങ്കിലും 2028ൽ അടുത്ത ഘട്ടം പൂർത്തീകരിച്ചാൽ ഇതിൽ 175.2 കോടി രൂപ നാലു ഗഡുക്കളായി തിരിച്ചുനൽകാനും വ്യവസ്ഥ ചെയ്തു. ശേഷിക്കുന്ന 43.8 കോടി രൂപ പിഴയായി ലഭിക്കുമെന്നതൊഴിച്ചാൽ, സർക്കാരിന് അനുകൂലമായുണ്ടായിരുന്ന ഏക വ്യവസ്ഥ നടത്തിപ്പു കാലാവധി നീട്ടിയാലും 2034ൽ തന്നെ ലാഭവിഹിതം ലഭിച്ചുതുടങ്ങുമെന്നതായിരുന്നു. സപ്ലിമെന്ററി കരാറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഈ വ്യവസ്ഥ നടപ്പാക്കാൻ അദാനിക്കു ബാധ്യതയില്ല.

English Summary:

Government-Adani Settlement Claim of Central Fund Disputed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com