മന്ത്രിസ്ഥാനം: തോമസ് കെ.തോമസ് പ്രഫുൽ പട്ടേലിനെയും സമീപിച്ചു
Mail This Article
തിരുവനന്തപുരം ∙ മന്ത്രിയാക്കാനായി മുഖ്യമന്ത്രിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി (അജിത് പവാർ) വിഭാഗത്തിന്റെ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ തോമസ് കെ.തോമസ് മാസങ്ങൾക്കു മുൻപ് ബന്ധപ്പെട്ടു. പ്രഫുൽ മുഖ്യമന്ത്രിയോട് സംസാരിച്ചോയെന്നു വ്യക്തമല്ല. ആ ദൗത്യം കൂടി പരാജയപ്പെട്ടതോടെ ആകെ നിരാശനായ സമയത്താണ് തോമസ് കെ.തോമസ് രണ്ടും കൽപിച്ചുള്ള ചില നീക്കങ്ങൾക്കു മുതിർന്നതെന്നാണു വിവരം.
മന്ത്രിസഭാ രൂപീകരണവേളയിൽ എൻസിപിയുടെ മന്ത്രിസ്ഥാനം എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസിനുമായി രണ്ടരവർഷം വീതം വിഭജിച്ചു നൽകാനായി ധാരണ ഉണ്ടെന്നാണ് തോമസ് കെ.തോമസിന്റെ വാദം. ഇതു സംബന്ധിച്ച ചർച്ചകൾക്കു മുൻകൈ എടുത്തത് അന്നു ശരദ് പവാർ പക്ഷത്തായിരുന്ന പ്രഫുൽ പട്ടേലായിരുന്നു. ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എന്നിവരും പങ്കെടുത്തു. പി.സി.ചാക്കോ അതിനു ശേഷമാണ് എൻസിപി നേതൃത്വത്തിലേക്കു വരുന്നത്.
രണ്ടര വർഷം ആയതോടെ മന്ത്രിപദവിക്കു വേണ്ടി പഴയ കരാറിന്റെ കാര്യം തോമസ് ആവർത്തിച്ചു ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം ഗൗനിച്ചില്ല. ടി.പി.പീതാംബരൻ അനാരോഗ്യത്തെ തുടർന്നു വിശ്രമത്തിലായിരുന്നു. ആ സാഹചര്യത്തിലാണ് പ്രഫുലിനെ ആശ്രയിക്കാൻ തോമസ് ശ്രമിച്ചത്. കരാർ സത്യമാണെന്ന കാര്യം മുഖ്യമന്ത്രിയോടു പറയണം എന്നായിരുന്നു ആവശ്യം. എൻസിപിയിൽ ഒരുമിച്ച് ആയിരിക്കുമ്പോൾ തന്നെ പട്ടേലും തോമസും തമ്മിൽ നല്ല ബന്ധത്തിലാണ്. തന്നെ പരസ്യമായി വെല്ലുവിളിക്കുന്ന സമീപനം തോമസ് സ്വീകരിച്ചതു കൊണ്ടു തന്നെ ആദ്യം ചാക്കോ ശശീന്ദ്രനെയാണു പിന്തുണച്ചത്. എന്നാൽ, പിന്നീടു കളംമാറ്റി. ജനുവരി– ഫെബ്രുവരി മാസങ്ങളിലായി നടന്ന നിയമസഭാ സമ്മേളന കാലത്താണ് എംഎൽഎമാരെ തോമസ് സമീപിച്ചതെന്നാണു വിവരം.