ആരവ്... ഇനിയുമെഴുതൂ സ്നേഹക്കുറിപ്പുകൾ
Mail This Article
പയ്യന്നൂർ ∙ ‘എന്റെ ഒരു സങ്കട കുറിപ്പ്’ എന്ന തലക്കെട്ടോടെ ഒന്നാം ക്ലാസുകാരൻ പി.പി.ആരവ് ഇങ്ങനെ എഴുതി.
‘കുറച്ച് ദിവസങ്ങൾ മുമ്പ് എന്റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന്റെ മോളിൽനിന്ന് തായേക്ക് വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശുത്രിൽ ആയി. രാത്രിയാണ് വീട്ടിൽ വന്നത്. അച്ഛനെ എല്ലാരും കൂടി എടുത്ത് വീട്ടിൽ കൊണ്ടുവന്നു കട്ടിൽ കിടത്തി. അച്ഛനെ കണ്ടതും ഞാൻ പൊട്ടി കരഞ്ഞു. അച്ഛന്റടുത്ത് കിടന്നു. അതുകണ്ട് ആട ഉണ്ടായർക്കു സങ്കടമായി. എല്ലാരും കരഞ്ഞു.’’
പോത്താങ്കണ്ടം ജിയുപിഎസിലാണ് ആരവ് പഠിക്കുന്നത്. സ്കൂളിലെ സർഗച്ചുമരിൽ പതിക്കാൻ രചനകൾ കൊണ്ടുവരണമെന്നു ക്ലാസ് ടീച്ചർ പറഞ്ഞിരുന്നു. കോൺക്രീറ്റ് തൊഴിലാളിയായ അച്ഛൻ പുക്കലിലെ മധുവിനെ കെട്ടിടത്തിൽനിന്നു വീണു പരുക്കേറ്റു വീട്ടിലെത്തിച്ച രംഗമാണ് ആരവ് എഴുതിയത്. അച്ഛനും മകനും കിടക്കുന്ന ചിത്രവും ഒപ്പം വരച്ചു.
5 വയസ്സുകാരന്റെ സങ്കടം ആ ചുമരിൽ ഒതുങ്ങിയില്ല. ക്ലാസ് ടീച്ചർ മായ കെ.മാധവൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധയിൽപെട്ട മന്ത്രി വി.ശിവൻകുട്ടി പ്രധാനാധ്യാപകൻ സി.കെ.മനോജിനെ വിളിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു.
‘ചേർത്തുപിടിക്കുന്നു മോനേ’ എന്ന അടിക്കുറിപ്പോടെ മന്ത്രി തന്നെ പോസ്റ്റ് ചെയ്തതോടെ കുറിപ്പ് വൈറൽ ! മണിക്കൂറുകൾക്കകം കാണുകയും പ്രതികരിക്കുകയും ചെയ്തത് ആയിരങ്ങൾ.
ക്ലാസ് ടീച്ചർ ഇതെല്ലാം ആരവിനെ കാണിച്ചുകൊടുത്തു. സങ്കടം മാഞ്ഞ് കുഞ്ഞുമനസ്സിൽ സന്തോഷാരവം.