രാഷ്ട്രീയ വിവാദങ്ങൾ ചർച്ചയാക്കാതെ സിപിഎമ്മിന്റെ ‘കരുതൽ’
Mail This Article
പാലക്കാട് ∙ ഇടതു സർക്കാർ ഉൾപ്പെട്ട വിവാദങ്ങൾ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിൽ ചർച്ചയാകാതിരിക്കാൻ സിപിഎമ്മിന്റെ ‘കരുതൽ’. തിരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് എടുത്തു പറയാനും നേതാക്കൾ ശ്രദ്ധിക്കുന്നു.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം, തൃശൂർ പൂരം കലക്കൽ, എൻസിപിയിലെ കോഴവിവാദം എന്നിവയും പാലക്കാട്ട് കർഷകരോഷത്തിനു കാരണമായി നെല്ലു സംഭരണത്തിലുണ്ടായ പാളിച്ചയും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ചർച്ചയാകാതിരിക്കാനാണു ശ്രമം. സ്ഥാനാർഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു കോൺഗ്രസിലുണ്ടായ വിവാദം സിപിഎം ആയുധമാക്കുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചു കോൺഗ്രസ് വിട്ട് ഇടതുപാളയത്തിൽ ചേക്കേറിയ ഡോ.പി.സരിൻ ഉയർത്തിയ ‘ഡീൽ’ ആരോപണം സിപിഎം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എംപിക്കും രാഹുൽ മാങ്കൂത്തിലിനുമെതിരെ വ്യക്തിപരമായ ആരോപണങ്ങളിൽ പ്രചാരണം ഒതുക്കിനിർത്താനാണു ശ്രമം.
ബിജെപിയെ ജയിപ്പിക്കാനാണു രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്നും അതു വടകര ഡീൽ ആണെന്നും സരിനും സിപിഎം നേതാക്കളും ആരോപിക്കുമ്പോൾ പാലക്കാട്ട് മൂന്നാം സ്ഥാനക്കാരായ സിപിഎമ്മിന്റെ ലക്ഷ്യം ബിജെപിയുടെ ജയമാണെന്നു യുഡിഎഫ് ആരോപിക്കുന്നു. യുഡിഎഫും എൽഡിഎഫും തമ്മിലാണു ഡീൽ എന്നു ബിജെപിയും ആരോപിക്കുന്നു. ഈ ആരോപണങ്ങൾക്കിടെയാണ്, 1991ൽ സിപിഎം നേതാവ് നഗരസഭാധ്യക്ഷനാകാൻ ബിജെപി സഹായം തേടിയെന്ന് ആരോപിച്ച് ഒരു കത്ത് ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അതിനു പിന്നാലെ, കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ശുപാർശ ചെയ്തു ജില്ലാ കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് നേതൃത്വത്തിന് അയച്ചതായി പറയുന്ന കത്തും പുറത്തു വന്നു. സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളെ സ്ഥാനാർഥിയാക്കാൻ ശുപാർശ ചെയ്തതും സരിൻ കോൺഗ്രസ് വിട്ടപ്പോൾ ബിനുമോൾക്കു പകരം അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയതും മറ്റൊരു കൗതുകം.
2021ൽ ബിജെപി വിജയിക്കാതിരിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനു സിപിഎം വോട്ട് നൽകിയെന്നു സരിൻ പറഞ്ഞതു പാർട്ടിക്കു സമ്മതിക്കേണ്ടി വന്നു. വോട്ട് ചോർന്നതായി കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ തന്നെ പിന്നീടു തുറന്നു പറഞ്ഞു. ഇതിനിടെയാണു സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ ജില്ലാ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ചതും അതു റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ സംസ്ഥാന സമിതിയംഗം എൻ.എൻ.കൃഷ്ണദാസ് മാധ്യമപ്രവർത്തകർക്കെതിരെ പൊട്ടിത്തെറിച്ചതും.
ഉപതിരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ വിലയിരുത്തലാകില്ലെന്നു മുൻപേ പറഞ്ഞുവയ്ക്കാനും നേതാക്കൾ ശ്രദ്ധിക്കുന്നു. തങ്ങൾ മൂന്നാം സ്ഥാനത്തായ പാലക്കാട് മണ്ഡലത്തിലെ ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്നാണ് എ.കെ.ബാലൻ പറഞ്ഞത്. അതേസമയം, ജയിച്ചാൽ അതു സർക്കാരിനുള്ള വലിയ അംഗീകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പു ഫലം സംസ്ഥാന ഭരണത്തിന്റെ പ്രതിഫലനമാകുമോ എന്ന ചോദ്യത്തിന്, പ്രതിപക്ഷം പോലും അങ്ങനെ പറയുന്നില്ലല്ലോ എന്നാണു മന്ത്രി എം.ബി.രാജേഷ് ഇന്നലെ മറുപടി പറഞ്ഞത്.