ലോകകേരളസഭ: വിദേശ സമ്മേളനം ഒഴിവാക്കി; പകരം ഓൺലൈൻ
Mail This Article
തിരുവനന്തപുരം ∙ വിദേശരാജ്യങ്ങളിൽ ലോകകേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ നടത്തുന്നത് സർക്കാർ അവസാനിപ്പിക്കുന്നു. പകരം രാജ്യമോ മേഖലയോ തിരിച്ച് ഓരോ മാസവും ഒരു ഓൺലൈൻ സമ്മേളനമെങ്കിലും ചേരാനാണു നിർദേശം. കാനഡ, ഗൾഫ് ഓൺലൈൻ സമ്മേളനങ്ങൾ ഇത്തരത്തിൽ സംഘടിപ്പിച്ചു.
-
Also Read
നവംബർ 1 വരെ മഴയ്ക്കു സാധ്യത
വിദേശത്തു വൻതുക ചെലവിട്ടു സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. ഒന്നാം സഭ 2019 ൽ ദുബായിലും രണ്ടാം സഭ 2022 ൽ യുകെയിലും മൂന്നാം സഭ 2023 ൽ യുഎസിലും മേഖലാ സമ്മേളനങ്ങൾ നടത്തിയിരുന്നു. മൂന്നാം സഭയുടെ ഭാഗമായി 2023 ൽ തന്നെ സൗദിയിലും സമ്മേളനം നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ യാത്രയ്ക്കു കേന്ദ്രാനുമതി ലഭിച്ചില്ല. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സൗദി ഭരണകൂടവും വിമുഖത അറിയിച്ചു. ഇതുവരെ നടന്ന 2 ഓൺലൈൻ സമ്മേളനങ്ങളിലും മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുത്തില്ല.
കണക്കില്ല, ഓഡിറ്റുമില്ല
പ്രാദേശിക സംഘാടകസമിതികൾ സ്പോൺസർഷിപ്പിലൂടെ പണംപിരിച്ചു സംഘടിപ്പിച്ച മേഖലാ സമ്മേളനങ്ങളുടെ വരവുചെലവു കണക്കുകൾ സർക്കാർ സൂക്ഷിക്കുന്നില്ല. ഓഡിറ്റിനും വിധേയമാക്കുന്നില്ല. ദുബായിൽ സർക്കാർ പ്രതിനിധി സംഘം 18.40 ലക്ഷം രൂപ ചെലവിട്ടതിനു മാത്രമാണു കണക്കുണ്ടായിരുന്നത്. ലോകകേരളസഭയുടെ ഫണ്ടിൽനിന്നു ചെലവിട്ടില്ലെന്നാണു സർക്കാർ അറിയിച്ചത്.
മൂന്നാം സഭയുടെ മേഖലാ സമ്മേളനച്ചെലവ് പൂർണമായി സംഘാടകസമിതി വഹിച്ചെന്നു വിശദീകരിച്ചെങ്കിലും സർക്കാർ പിന്നീട് 50 ലക്ഷം രൂപ അനുവദിച്ചു. ഈ സമ്മേളനത്തിൽ സ്പോൺസർഷിപ് കണ്ടെത്താൻ, മുഖ്യമന്ത്രിയുടെയും മറ്റു പ്രമുഖരുടെയും കൂടെ വേദി പങ്കിടാനും ഭക്ഷണം കഴിക്കാനും അവസരമൊരുക്കാമെന്നു സംഘാടക സമിതി വാഗ്ദാനം ചെയ്തതു വിവാദവുമായി. 5.34 കോടി രൂപയാണു സംഘാടക സമിതിക്കു ചെലവായത്.