തിരുവനന്തപുരം കോർപറേഷന്റെ പദ്ധതി വരുന്നു; 70 വയസ്സ് കഴിഞ്ഞവർക്ക് നഗരത്തിൽ കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര
Mail This Article
തിരുവനന്തപുരം∙ 70 വയസ്സ് പിന്നിട്ടവർക്ക് കെഎസ്ആർടിസി ബസിൽ നഗരത്തിൽ സൗജന്യയാത്രയ്ക്കു പദ്ധതി വരുന്നു. കെഎസ്ആർടിസിയുമായി സഹകരിച്ച് കോർപറേഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്. ടിക്കറ്റ് ചാർജ് ഇനത്തിൽ ചെലവാകുന്ന തുക തനതുഫണ്ടിൽ നിന്ന് കോർപറേഷൻ നൽകും. ഇതിന് അനുമതി തേടി തദ്ദേശ വകുപ്പിന് കോർപറേഷൻ കത്ത് നൽകി. അനുമതി ലഭിച്ചാൽ ഡിസംബറിൽ പദ്ധതിയുടെ പ്രഖ്യാപനം നടത്തും.
വയോജന സൗഹൃദനഗരമാക്കി തലസ്ഥാനത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗുണഭോക്താക്കൾക്ക് കോർപറേഷനിൽ നിന്ന് ട്രാവൽ കാർഡ് നൽകും. ഈ കാർഡ് ഉപയോഗിച്ച് നടത്തുന്ന യാത്രയ്ക്ക് കെഎസ്ആർടിസിയുടെ ഏതു സർവീസിലും പതിവുപോലെ ടിക്കറ്റ് നൽകും.
ടിക്കറ്റ് നിരക്ക് കണക്കാക്കി ഓരോ മാസവും പണം കെഎസ്ആർടിസിക്ക് കൈമാറാനാണ് നിലവിലെ ധാരണ. 70 വയസ്സ് പിന്നിട്ട ഗുണഭോക്താക്കളുടെ എണ്ണം കുറവാണെങ്കിൽ പ്രായപരിധി കുറയ്ക്കും. കെഎസ്ആർടിസിയുമായി നടത്തിയ പ്രാഥമിക ചർച്ച വിജയമായിരുന്നുവെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
അടുത്ത വർഷം ഡിസംബറിൽ നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോർപറേഷൻ ഭരണസമിതിയുടെ മുഖം മിനുക്കുക എന്ന ലക്ഷ്യമാണ് പദ്ധതി നടത്തിപ്പിനു പിന്നിൽ.