കോഴ വിവാദം: എൻസിപിക്കുള്ളിൽ നേതൃത്വത്തിനെതിരെ വിമർശനം
Mail This Article
ആലപ്പുഴ ∙ മന്ത്രിമാറ്റം, കോഴ വിവാദങ്ങളെത്തുടർന്ന് എൻസിപിക്കുള്ളിൽ നേതൃത്വത്തിനെതിരെ നീക്കം. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര ജനറൽ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെടാനാണ് മന്ത്രി എ.കെ.ശശീന്ദ്രനെ അനുകൂലിക്കുന്നവർ ഒരുങ്ങുന്നത്.
മുന്നണിയിലെ രണ്ട് എംഎൽഎമാരെ കൂറുമാറ്റാൻ പാർട്ടി എംഎൽഎ തോമസ് കെ.തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഇതുവരെ പ്രതികരിക്കാത്തതിലും ഈ വിഭാഗത്തിന് അതൃപ്തിയുണ്ട്.
കോഴ വാഗ്ദാനമുണ്ടായെങ്കിൽ അതു തോമസുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ലെന്ന് ഇവർ പറയുന്നു. അജിത് പവാറുമായും മറ്റും പതിറ്റാണ്ടുകളായി ഉറ്റബന്ധമുള്ള നേതാക്കളുണ്ട്. അവരറിയാതെ തോമസിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആരോപണം അടിസ്ഥാനരഹിതമാണെങ്കിൽ സംസ്ഥാന നേതൃത്വം അതു വ്യക്തമാക്കണം. വിഷയം അന്വേഷിക്കാൻ പാർട്ടി തീരുമാനിച്ചത് ഇന്നലെ മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തു പാർട്ടിക്കു തിരഞ്ഞെടുക്കപ്പെട്ട 47 എക്സിക്യൂട്ടീവ് അംഗങ്ങളുണ്ട്. അവരുടെ യോഗം വിളിച്ചാണു മന്ത്രിമാറ്റം ചർച്ച ചെയ്യേണ്ടത്. പകരം ജില്ലാ പ്രസിഡന്റുമാരോടാണു നേതൃത്വം അഭിപ്രായം തേടിയതെന്നും ശശീന്ദ്രനെ അനുകൂലിക്കുന്നവർക്കു പരാതിയുണ്ട്. ജനറൽ ബോഡി യോഗം ചേർന്നു ചർച്ച ചെയ്താൽ മന്ത്രിമാറ്റമല്ല, നേതൃമാറ്റമാകാം ഉണ്ടാവുകയെന്നും അതിനാലാണു നേതൃത്വം മൗനം പാലിക്കുന്നതെന്നും ഇവർ പറയുന്നു.