14 ദിവസം ഒളിച്ചുകളി, ഇന്നലെ ഒളിപ്പിച്ചുകളി; ജാമ്യഹർജി തള്ളിയിട്ടും ദിവ്യയ്ക്കു പൊലീസിന്റെ കരുതൽ
Mail This Article
കണ്ണൂർ ∙ ആത്മഹത്യാ പ്രേരണക്കുറ്റം ചേർത്തു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ദിവ്യയുടെ മൊഴിയെടുക്കാൻപോലും തുനിയാത്ത പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇത്രയും ദിവസം ദിവ്യ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞത്. അതിനർഥം, ദിവ്യ എവിടെയെന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നുതന്നെ. ആരോഗ്യവകുപ്പും റവന്യുവകുപ്പും തുടക്കത്തിൽതന്നെ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തിട്ടും പൊലീസ് നടപടികൾ ഇഴഞ്ഞത് കടുത്ത വിമർശനത്തിന് ഇടയാക്കി. എഡിഎമ്മിന്റെ മരണം നടന്ന് 10–ാം ദിവസമാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തെ നിയോഗിച്ചത്.
മുൻകൂർ ജാമ്യഹർജി തള്ളി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച 38 പേജുകളുള്ള വിധിന്യായം വന്നതോടെ, ഗത്യന്തരമില്ലാതെയുള്ള കീഴടങ്ങലിനെയാണ് കസ്റ്റഡിയിലെടുക്കലായി വ്യാഖ്യാനിച്ച് മുഖം രക്ഷിക്കാൻ പൊലീസ് ശ്രമിച്ചത്. അതിനുശേഷം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ പൊലീസ് വലിയ അഭ്യാസമാണു നടത്തിയത്. ദിവ്യയുടെ ദൃശ്യം മാധ്യമങ്ങൾ പകർത്താതിരിക്കാൻ വലിയ മുൻകരുതൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി.