മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്ന്
Mail This Article
ചങ്ങനാശേരി ∙ അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്നു രാവിലെ ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. പള്ളിയങ്കണത്തിൽ രാവിലെ 9നു സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിക്കും.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. തുടർന്നു മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ കുർബാന. ആർച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ സന്ദേശം നൽകും. കുർബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലി പ്രസംഗിക്കും.
11.45നു പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പ്രസംഗിക്കും. ചങ്ങനാശേരി നഗരത്തിൽ ഇന്നു രാവിലെ 8 മുതൽ ഗതാഗത നിയന്ത്രണമുണ്ട്.