എഡിഎമ്മിന്റെ മരണം: 14–ാം ദിവസം പി.പി.ദിവ്യ പൊലീസിൽ കീഴടങ്ങി; 14 ദിവസം റിമാൻഡ്
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി. പി.ദിവ്യ പൊലീസിൽ കീഴടങ്ങി. എഡിഎമ്മിന്റെ മരണം നടന്ന് 14–ാം ദിവസത്തെ കീഴടങ്ങൽ പൊലീസുമായുള്ള ധാരണയോടെയെന്നു വ്യക്തമാകുന്ന വിധത്തിലായിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി രാവിലെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് തള്ളിയിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന സൂചനയാണ് ദിവ്യയുടെ അഭിഭാഷകർ ആദ്യം നൽകിയതെങ്കിലും 2 മണിക്കു വിശദമായ വിധിന്യായം വന്നതോടെ തീരുമാനം മാറി.
കീഴടങ്ങലിന്റെ തിരക്കഥ
വന്നത് വീട്ടിൽനിന്നല്ല
രണ്ടരയോടെ പയ്യന്നൂർ ഭാഗത്തുനിന്നു വാഹനത്തിലെത്തിയ ദിവ്യ കണ്ണപുരത്തു കാത്തുനിന്ന അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.രത്നകുമാറിന്റെ വാഹനത്തിലേക്കു മാറിക്കയറി. ദിവ്യയുടെ വീട്ടിൽനിന്ന് 3 കിലോമീറ്റർ അകലെയാണ് കണ്ണപുരം. എന്നാൽ, ഇന്നലെ വീട്ടിൽനിന്നല്ല വന്നത്.
എത്തിച്ചത് വേറെ ഓഫിസിൽ
അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്ക് എത്തിക്കാതെ, മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിക്കാൻ ക്രൈംബ്രാഞ്ച് ഓഫിസിലാണെത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ മൂന്നരയോടെ ഇവിടെയെത്തി. കോടതി സമയം കഴിയുന്നതുവരെ ക്രൈംബ്രാഞ്ച് ഓഫിസിൽ തുടർന്നു. 5.45നു ദിവ്യയെ വൈദ്യപരിശോധനയ്ക്കായി പുറത്തിറക്കി. കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിനും കൂവിവിളികൾക്കുമിടയിലൂടെയാണ് പൊലീസ് ജീപ്പ് നീങ്ങിയത്.
ആശുപത്രിയിൽ പിൻവാതിലിലൂടെ
മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ പിൻവാതിൽ വഴിയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഏഴുമണിയോടെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം.വി.അനുരാജിന്റെ വീട്ടിലേക്ക്. വഴിനീളെ പ്രതിഷേധങ്ങൾ താണ്ടിയെത്തുമ്പോൾ മജിസ്ട്രേട്ടിന്റെ വീടിനു മുന്നിലും കോൺഗ്രസ്, ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. യൂത്ത് കോൺഗ്രസ്–യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം ഏറെ പണിപ്പെട്ടാണ് പൊലീസ് ഒതുക്കിയത്. ഇതിനിടെ നടപടികൾ പൂർത്തിയാക്കി നേരെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക്.
ഇനി ജാമ്യഹർജി
തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്നു ജാമ്യഹർജി നൽകുമെന്നു ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ പറഞ്ഞു. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. ഭാര്യ മഞ്ജുഷ കേസിൽ കക്ഷിചേരും.