വരൂ,
അനുഭവങ്ങളുടെ രുചിയറിഞ്ഞ് മടങ്ങാം
Mail This Article
നല്ല മധുരത്തിലൊരു സുലൈമാനി, അതിലൊരു പുതിനയില. കടൽക്കാറ്റുകൊണ്ട് അതങ്ങനെ ഊതിക്കുടിക്കുമ്പോൾ ചുറ്റും മിണ്ടാനും പറയാനും അനേകം മനുഷ്യർ. കാണാത്ത കാഴ്ചകളും കഥകളും തേടി സഞ്ചാരികളേ നിങ്ങൾ എത്തുമ്പോൾ കോഴിക്കോട് ഉറക്കമൊഴിച്ചു നിങ്ങൾക്കായി കാത്തിരിക്കുന്നു. സാഹിത്യനഗര പദവി കിട്ടി അധികം വൈകാതെ അക്ഷരങ്ങളെ, സംസ്കാരത്തെ ഏറെ സ്നേഹിക്കുന്ന കോഴിക്കോട്ടുകാർക്കു ഹോർത്തൂസ് കലാ സാഹിത്യോത്സവം കൂടി കിട്ടുകയാണ്.
-
Also Read
കല, കടൽ; ഹോർത്തൂസ് വേദി മികച്ച കലാനുഭവം
ഗാന്ധിജി വന്ന, ഖിലാഫത്ത് സമരത്തെ തീപിടിപ്പിച്ച കോഴിക്കോട്ടെ കടപ്പുറം അടുത്ത 3 ദിനങ്ങളിൽ ചൂടേറിയ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചർച്ചകൾക്കു കൂടി വേദിയാകും.
കൊച്ചി ബിനാലെയുടെ ഒരു പതിപ്പ് ഹോർത്തൂസിലുണ്ട്. എത്രയോ കാലമായി മലബാറുകാർ കാത്തിരുന്ന ആ സ്വപ്നം ഏറെ വൈവിധ്യങ്ങളോടെ ഇവിടെ എത്തിച്ചേർന്നിരിക്കുന്നു. പുസ്തകങ്ങൾ, ആട്ടം, പാട്ട്, അഭിനയം, അങ്ങനെ ആസ്വദിക്കാൻ എത്രയോ കാര്യങ്ങളുണ്ട്. കൊറിയൻ ഭക്ഷണ വിഭവങ്ങളുമായി കൊറിയൻ ഷെഫ് എത്തുമ്പോൾ അതിൽ രുചി മാത്രമല്ല നൂറ്റാണ്ടുകൾക്കു മുൻപേ ആരംഭിച്ച കോഴിക്കോടിന്റെ സാംസ്കാരിക കൊടുക്കൽ – വാങ്ങലുകളുടെ ചരിത്രം കൂടിയുണ്ട്.
നമ്മുടെ പുതിയ തലമുറ എപ്പോഴും വിശ്വപൗരരാകാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള പ്രശസ്തരായ എഴുത്തുകാർ ഹോർത്തൂസിലെത്തുന്നു. അവരെ അടുത്തറിയാനും അവർക്കു പറയാനുള്ളത് കേൾക്കാനുംകൂടിയുള്ള അവസരമാണിത്. സഞ്ചാരികളേ, നിങ്ങൾ കോഴിക്കോട്ടെ ഹോർത്തൂസ് അക്ഷരക്കടലിലേക്ക് ഒഴുകിയെത്തുക. ഇതുവരെ കിട്ടാത്ത അനുഭവങ്ങളുടെ രുചിയറിഞ്ഞു മടങ്ങാം.