ADVERTISEMENT

പാലക്കാട് ∙ ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി വനിതയെ വെർച്വൽ അറസ്റ്റിലെന്നു തെറ്റിദ്ധരിപ്പിച്ചു 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബെംഗളൂരു പൊലീസിന്റെ സൈബർ ക്രൈം സ്ക്വാഡ് അന്വേഷണം തുടങ്ങി. ചാവക്കാട് സ്വദേശിയായ അന്തരിച്ച പ്രമുഖ ചിത്രകാരന്റെ ഭാര്യയിൽ നിന്നാണ് ഈ മാസം 20ന് ഓൺലൈൻ വഴി പണം തട്ടിയത്. ആലത്തൂരിലുള്ള ബന്ധുവിനോടു വിവരം പറഞ്ഞപ്പോഴാണ് അറസ്റ്റ് തട്ടിപ്പാണെന്നു വ്യക്തമായത്. തുടർന്നു കഴിഞ്ഞദിവസം ബെംഗളൂരു സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഭർത്താവിന്റെ പെയിന്റിങ്ങുകൾ ലേലത്തിൽ വിറ്റുകിട്ടിയ തുകയാണു നഷ്ടമായതെന്നു പരാതിയിൽ പറയുന്നു. ലോകത്തിലെ വിവിധയിടങ്ങളിൽ ഇവർ പെയ്ന്റിങ് ലേലത്തിൽ വയ്ക്കാറുണ്ട്. അടുത്തിടെ വിൽപനയ്ക്കായി കുറച്ചു പെയിന്റിങ് കുറിയർ വഴി മലേഷ്യയിലേക്ക് അയച്ചു. ഇതിൽ ലഹരിമരുന്നു കണ്ടെത്തിയെന്നു പറഞ്ഞാണു സിബിഐ ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയ സംഘം ഫോണിൽ വിളിച്ചത്.

ഉന്നത സിബിഐ ഉദ്യോഗസ്ഥർ, ജഡ്ജി എന്നൊക്കെ പരിചയപ്പെടുത്തി വാട്സാപ് വിഡിയോ കോളും എത്തി. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു ചോദ്യംചെയ്യൽ. മുറിയിൽ നിന്നു പുറത്തുപോകാനാ കോൾ കട്ട് ചെയ്യാനോ സമ്മതിച്ചില്ല. അങ്ങനെ ചെയ്താൽ അറസ്റ്റ് ചെയ്തു മാധ്യമങ്ങളിൽ വാർത്ത നൽകുമെന്നു ഭീഷണിപ്പെടുത്തി. വെള്ളംകുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും അനുവദിക്കാതെ 3 മണിക്കൂർ ചോദ്യംചെയ്യൽ തുടർന്നതായി പരാതിയിൽ പറയുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി അറിയിക്കുകയും കേസിൽ നിന്ന് ഒഴിവാക്കാൻ ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

80 ലക്ഷം രൂപ മാത്രമേ അക്കൗണ്ടിൽ ഉള്ളൂ എന്ന് അറിയിച്ചതോടെ ആ പണം ഗഡുക്കളായി അയയ്ക്കാൻ ആവശ്യപ്പെട്ടു. 8 തവണകളായി ഡൽഹിയിലുള്ള 8 അക്കൗണ്ടുകളിലേക്കാണു പണം കൈമാറിയതെന്നു പരാതിയിലുണ്ട്. പണം കൈമാറിയ വിവരം ആരോടെങ്കിലും പറഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്നും സംഘം ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസമാണ് ഇവർ ബന്ധുവിനോട് ഇക്കാര്യം പറഞ്ഞത്.

English Summary:

Digital arrest fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com