ADVERTISEMENT

കോട്ടയം ∙ അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി മന്നത്ത് പത്മനാഭൻ നയിച്ച സവർണജാഥയ്ക്ക് നൂറാണ്ട്. അയിത്തജാതിക്കാർക്കു വഴിനടക്കാനായി ആരംഭിച്ച വൈക്കം സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ച്, മഹാത്മാഗാന്ധിയുടെ നിർദേശമനുസരിച്ചാണു ചരിത്രപ്രസിദ്ധമായ സത്യഗ്രഹ സമരജാഥ നടത്തിയത്.

വൈക്കം സത്യഗ്രഹ സമരനായകൻ ടി.കെ.മാധവനും എൻഎസ്എസ് ജനറൽ സെക്രട്ടറി മന്നത്ത് പത്മനാഭനും എ.കെ.പിള്ളയും തിരുവിതാംകൂറിലുടനീളം സഞ്ചരിച്ചു ജാഥയ്ക്കു പ്രചാരണം നടത്തി. 1924 നവംബർ ഒന്നിനു രാവിലെ 6നു വൈക്കം ക്ഷേത്രത്തിൽനിന്നു മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ കാൽനടജാഥ പുറപ്പെട്ടു. ‘സവർണജാഥ, തിരുവിതാംകൂർ’, ‘സഹോദരാവകാശ സംരക്ഷണ സ്വധർമപരിപാലനം’, ‘സഞ്ചാരസ്വാതന്ത്ര്യം എല്ലാ പൗരന്മാരുടെയും ജന്മാവകാശം’ എന്നെഴുതിയ ബോർഡുകളും കോൺഗ്രസ് പതാകയും കയ്യിലേന്തിയായിരുന്നു യാത്ര. കൊല്ലത്തു ജാഥയ്ക്കു സ്വീകരണം നൽകിയത് സി.കേശവൻ ആയിരുന്നു. പാതയോരങ്ങൾ ജാഥയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി.

ആവേശോജ്വലമായ സ്വീകരണമായിരുന്നു ശിവഗിരിയിൽ. ശ്രീനാരായണഗുരുവിനെ സംഘം സന്ദർശിച്ചു. നവംബർ 11നു വൈകിട്ട് ജാഥ തിരുവനന്തപുരം പുത്തൻകച്ചേരി മൈതാനത്തെത്തി. ഡോ. എം.ഇ.നായിഡുവിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽനിന്നു പുറപ്പെട്ട തെക്കൻ ജാഥയും അതേസമയം വന്നെത്തി. ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ അധ്യക്ഷതയിൽ കടപ്പുറത്തു യോഗം നടന്നു. പിറ്റേന്നു മന്നത്ത് പത്മനാഭനും ചങ്ങനാശേരി പരമേശ്വരൻ പിള്ളയും ഉൾപ്പെടുന്ന പ്രതിനിധിസംഘം തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയെ ചെന്നു കണ്ടു കാൽലക്ഷത്തോളം പേരുടെ ഒപ്പുള്ള ഭീമഹർജി സമർപ്പിച്ചു.

English Summary:

Mannathu Padmanabhan's upper caste march completed 100 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com