ADVERTISEMENT

കോഴിക്കോട്ടെ കടൽ മാത്രമല്ല, കടൽത്തീരവും പ്രസിദ്ധമാണ്. സായാഹ്നത്തിലെ പല വർണങ്ങൾ ഒപ്പിയെടുത്ത് അറബിക്കടൽ ഒന്നിനുപുറകെ ഒന്നായി തിരകളെ പുറത്തെടുക്കുമ്പോൾ കടൽത്തീരം ഉണരാൻ തുടങ്ങുന്നു. പിന്നെ അവിടെ നടക്കുന്നത് കുടുംബങ്ങളായും കൂട്ടുകാരുമായും ചിലപ്പോൾ ഒറ്റയ്ക്കു വരുന്നവരുടെയും ആഹ്ലാദപ്രകടനങ്ങളാണ്. അതു രാത്രി 2 മണി വരെ നീളും. കോഴിക്കോടിനെപ്പോലെ കടലിനെ ഇത്രയും അധികം കൊണ്ടാടുന്ന ഒരു നഗരം ലോകത്തുതന്നെ ചുരുക്കമാണ്. അതേ തീരത്താണു മനോരമ ഹോർത്തൂസ് എന്ന സാഹിത്യ കലോത്സവം നാളെ മുതൽ 3 വരെ നടക്കാൻ പോകുന്നത്.

ചരിത്രത്തിന്റെ സുഗന്ധം പേറുന്ന പേരാണ് ‘ഹോർത്തൂസ്’. 17–ാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച, ‘മലബാറിന്റെ ഉദ്യാനം’ എന്ന് അർഥമുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ കേരളത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള പുസ്തകമാണ്. ഈ പുസ്തകത്തിലെ സസ്യനാമങ്ങളിലൂടെയാണ് മലയാളലിപികളിൽ ആദ്യമായി അച്ചടിമഷി പുരണ്ടത്.

manorama-hortus-logo

ബഷീറും എസ്.കെ.പൊറ്റെക്കാട്ടും തിക്കോടിയനും എംടിയും പോലെ മഹാൻമാരായ എഴുത്തുകാരുടെ കാൽപാടുകൾ പതിഞ്ഞതാണ് ഈ കടപ്പുറം. ഹോർത്തൂസിന്റെ പ്രധാനകവാടത്തിലൂടെ കടപ്പുറത്തേക്കു നടന്നാലെത്തുന്ന 6 വേദികളിലാണു സാഹിത്യവും ചരിത്രവും സംസ്കാരവും പുസ്തകങ്ങളുമെല്ലാം ചർച്ച ചെയ്യാൻ പോകുന്നത്. ഇറ്റലിക്കാരനായ പാതിരിയും സസ്യശാസ്ത്രജ്ഞനുമായ ഫാ.മത്തേവൂസ് ഹോർത്തൂസ് മലബാറിക്കൂസിനായി വരച്ച ചിത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വേദികൾക്കു ശംഖുപുഷ്പം, മന്ദാരം, ആറ്റുവഞ്ചി, അശോകം, അമൃത്, മൈലാഞ്ചി എന്നിങ്ങനെയാണു പേരിട്ടിരിക്കുന്നത്. 

MadhavanNS-JPG

ഈ വേദികൾ കഴിഞ്ഞാൽ ‘സീസൈഡ് ടോക്ക്’ എന്നു പേരുള്ള ഓപ്പൺ എയർ തിയറ്ററിലെത്താം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള കൊലെക്ക പുടുമയുടെ കാവ്യാവതരണം ഇവിടെയാണു നടക്കുക. ചർച്ചകളിൽ കാണികൾക്കും പങ്കെടുക്കാം. അതുകഴിഞ്ഞാലെത്തുക ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള, ചെറുതും വലുതുമായ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകശാലയിൽ. പുസ്തകങ്ങൾ തിരഞ്ഞെടുത്ത്, ‘ക്യുറേറ്റ്’ ചെയ്ത് അവതരിപ്പിക്കുന്ന ഈ പുസ്തകശേഖരം വായനക്കാർക്കു പുതിയ അനുഭവമാകും. പുസ്തകശാലയിൽനിന്നു പുറത്തെത്തിയാൽ, കൊറിയയിൽനിന്നുള്ള പാചകവിദഗ്ധൻ ഹയ്ഞ്ചു പാർക്ക് നടത്തുന്ന ‘ഷെഫ് സ്റ്റുഡിയോ’. അതിനു ശേഷമാണു 'തിയറ്റർ' എന്നു പേരുള്ള അരങ്ങ്. അവിടെ പ്രസിദ്ധ ഷെയ്ക്സ്പിയർ നടനായ ഗാരെത് ആംസ്ട്രോങ് അവതരണം നടത്തും. സ്റ്റാൻഡ് അപ് കോമഡിയും ഇവിടെയാണു നടക്കുക. ഒടിടി പ്ലാറ്റ്ഫോമായ ‘മുബി’യുമായി സഹകരിച്ചു നടത്തുന്ന ചലച്ചിത്രമേളയാണ് ഇവിടത്തെ മറ്റൊരു ആകർഷണം. ഇവിടെനിന്നു പുറത്തിറങ്ങിയാൽ കുട്ടികൾക്കായി ഒരുക്കിയ ‘മഷിത്തണ്ട്’ കാണാം. ആട്ടത്തിനും പാട്ടിനും കഥപറച്ചിലിനും പുറമേ പട്ടം ഉണ്ടാക്കി പറത്താൻ പഠിപ്പിക്കുന്ന കൈറ്റ് വർക്‌ഷോപ്പും ഇവിടെ നടക്കും.

ഹോർത്തൂസ് ഉത്സവം മലയാളസാഹിത്യത്തിലെ വലിയൊരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. മലയാള മനോരമയുടെ ‘ഭാഷാപോഷിണി’യിൽ കവിതകൾ പ്രസിദ്ധീകരിച്ച കവികളുടെ കൂട്ടായ്മയായി 1891ൽ കോട്ടയത്തു രൂപം കൊണ്ടതാണു പിന്നീടു ഭാഷാപോഷിണി സഭയെന്നു പേരു സ്വീകരിച്ച കവിസമാജം; മലയാളത്തിലെ സാഹിത്യകാരന്മാരുടെ ആദ്യ സംഘടന. മലയാള മനോരമയുടെ ചരിത്രം രേഖപ്പെടുത്തുന്ന പവിലിയൻ, കുട്ടികളുടെ വേദിയായ മഷിത്തണ്ടിനു ശേഷമാണ്.   

കോഴിക്കോടിന്റെ മറ്റൊരു പെരുമ സ്വാദിഷ്ടമായ തനതു ഭക്ഷണവിഭവങ്ങളാണ്. മനോരമ പവിലിയനു ശേഷം വിശാലമായ ഫുഡ് കോർട്ട് ഒരുക്കിയിരിക്കുന്നു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കൊച്ചി ബിനാലെ പവിലിയനാണ് കടപ്പുറത്തെ ഹോർത്തൂസ് അനുഭവത്തിന്റെ അവസാനത്തെ ആകർഷണം. പ്രശസ്തരും യുവകലാകാരൻമാരും അടക്കം 44 പേരുടെ സൃഷ്ടികളാണ് 17,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രദർശനത്തിലുള്ളത്. ബിനാലെയെ കോഴിക്കോട് ഇതിനകം ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ഇതോടെ കടപ്പുറത്തെ ഹോർത്തൂസ് അവസാനിക്കുന്നു.

അൽപദൂരം മാറി താജ് ഗേറ്റ്‌വേ ഹോട്ടലിൽ, 21–ാം നൂറ്റാണ്ടിന്റെ സാങ്കേതികമികവ് മുഴുവനും ഉൾകൊള്ളുന്ന, ഏറെ ജനപ്രിയമായിട്ടുള്ള ഗെയ്മിങ്ങിന്റെ വേദി. ‘ഷിപ് ഓഫ് തിസ്യൂസ്’ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആനന്ദ് ഗാന്ധിയും സഹപ്രവർത്തകരായ ആയൂഷ് അസ്താനയും സൈൻ മെമ്മോണും നയിക്കുന്ന ബോർഡ് ഗെയിമിന്റെ കാര്യശാലയും ‘ശാസൻ’ എന്ന ബോർഡ് ഗെയിമും ഇവിടെ ഒരുക്കിയിരിക്കുന്നു. കടലിന് ആഴവും പരപ്പും കരുത്തും പകരുന്നത് പല ദിശകളിൽനിന്ന് അതിൽ പതിക്കുന്ന നദികളാണ്. അതുപോലെ പല ആശയങ്ങളും വ്യത്യസ്ത കലാരുപങ്ങളും സംഗമിക്കുന്ന ഇടമാണു ഹോർത്തൂസ്. ഇവിടെ വൈവിധ്യം ആഘോഷിക്കപ്പെടുന്നു.

English Summary:

Manorama Hortus: A Cultural Extravaganza on Kozhikode Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com