മായാത്ത ആത്മീയപ്രഭ
Mail This Article
അരനൂറ്റാണ്ടു മുൻപായിരുന്നു ആ കൂടിക്കാഴ്ച; 1973ൽ. ഞാൻ അന്നു മലയാള മനോരമ കോഴിക്കോട് റസിഡന്റ് എഡിറ്ററാണ്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽനിന്ന് എന്നെ കാണാനെത്തിയ സംഘത്തിലെ പ്രസരിപ്പുള്ള വൈദികനെ പരിചയപ്പെടുത്തിയത് ആശുപത്രിയുടെ അന്നത്തെ ഡയറക്ടർ ഡോ. കെ.സി.മാമ്മനും സെക്രട്ടറി ചാക്കോപ്പിള്ളച്ചേട്ടനുമാണ്. ആശുപത്രി വികസനത്തിനു വഴിതേടിയുള്ള യാത്രയ്ക്കിടെയായിരുന്നു അവിടെ ചാപ്ലെയ്നായിരുന്ന തോമസ് അച്ചനുമായുള്ള ആ കൂടിക്കാഴ്ച. 50 വർഷത്തിലേറെ നീണ്ട ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
ലളിതജീവിതവും ആഴത്തിലുള്ള ദൈവവിശ്വാസവുംകൊണ്ട് തോമസച്ചൻ വേറിട്ടുനിന്നു. സഭയെ നയിക്കാൻ പ്രാപ്തനായ ഒരാളുടെ ആത്മീയ പ്രഭാവം അച്ചനിൽ അന്നേ ഉണ്ടായിരുന്നു. അധികം വൈകാതെ അദ്ദേഹം മെത്രാനായി വാഴിക്കപ്പെട്ടു. പ്രാർഥന ശക്തിയാക്കുന്ന തളരാത്ത പോരാളിയായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ.
വിശ്വാസികളുമായി അടുത്തു പെരുമാറുകയും എപ്പോഴും അവർക്കൊപ്പം നടക്കുകയും ചെയ്ത സഭാധ്യക്ഷനാണ് അദ്ദേഹം. പ്രതിസന്ധികളിൽ തളരാതെ, വിശ്രമമില്ലാതെ പതിറ്റാണ്ടുകളോളം സഭയെ നയിച്ചു. സഭയുടേതായി ഇന്നു കാണുന്ന സ്ഥാപനങ്ങളുടെ പിന്നിൽ അദ്ദേഹത്തിന്റെ അധ്വാനവും നേതൃപാടവവും ഉണ്ട്. ശ്രേഷ്ഠബാവായുടെ വേർപാട് മലയാള മനോരമയ്ക്കും വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ.