കണ്ടുപഠിച്ച പുസ്തകം
Mail This Article
അറിവു നേടാനും മുന്നോട്ടുള്ള വഴി കണ്ടെത്താനും ഒട്ടേറെ പുസ്തകങ്ങൾ വായിച്ചുപഠിച്ചിട്ടുണ്ട്. പക്ഷേ, അരനൂറ്റാണ്ടായി ഞാൻ കണ്ടുപഠിച്ചുകൊണ്ടിരുന്നത് ഒരേയൊരു പുസ്തകമാണ് – ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ. എന്റെ മാത്രമല്ല, മലങ്കരസഭയിലെ ഓരോരുത്തരുടെയും മനസ്സിലെ പിതൃബിംബമാണ് അദ്ദേഹം. ലാളിച്ചും സ്നേഹിച്ചും ശാസിച്ചും കരുതലോടെ ചേർത്തുനിർത്തിയും ഒരു പിതാവു മക്കളോട് എങ്ങനെ പെരുമാറുന്നോ, അതുപോലെ സഭയെ പതിറ്റാണ്ടുകളോളം പോറലേൽക്കാതെ കാത്തുപാലിച്ച വലിയ ഇടയൻ.
ആൾക്കൂട്ടത്തിലെത്തിയാൽ ഓരോരുത്തരെയും പേരുവിളിച്ചു സംസാരിക്കുന്നതായിരുന്നു ബാവായുടെ ശീലം. ആ ശീലത്തെയല്ല, പേരുവിളിക്കാനുള്ള ആ ബന്ധത്തെയാണു ഞാൻ എപ്പോഴും പ്രത്യേകതയായി കണ്ടിട്ടുള്ളത്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ബാവായുമായി നേരിട്ട് ഇടപെട്ടവരായിരിക്കും അവർ. അവരുടെ പിതാക്കൻമാരെയും ബന്ധുക്കളെയും നാടും എല്ലാം ബാവായ്ക്കു തിട്ടമാണ്. എളിയ ജീവിതപരിസരങ്ങളിൽനിന്നു തുടങ്ങിയ യാത്രയിൽ കൂടെക്കൂടിയ ഗുണങ്ങളാകാം അതെല്ലാം. ബാവായെ കാണുമ്പോൾ ഒരേസമയം ദൈവത്തിന്റെ ചൈതന്യവും പോരാളിയുടെ വീര്യവും ഓർമയിൽ വരുന്നത് അദ്ദേഹം കടന്നുപോന്ന കനൽവഴികളുടെ പ്രത്യേകത കൊണ്ടാകാം.
മെത്രാനായ ശേഷമാണു ഞാൻ ബാവായുമായി നേരിട്ട് ഇടപെടുന്നത്. പക്ഷേ, 12 വയസ്സു മുതൽ വൈദികവിദ്യാർഥിയായി കുപ്പായമിട്ടു നടന്ന എന്നെ ബാവായ്ക്ക് അറിയാമായിരുന്നു. എന്നോട് എന്നും വാത്സല്യമുണ്ടായിരുന്നു. അതു കൂടിക്കൂടിവന്നതേയുള്ളൂ. പ്രതിസന്ധികൾ വരുമ്പോൾ എന്നോടു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്താൻ പറയും. ഞാൻ താമസിക്കുന്ന, തിരുവാങ്കുളം ക്യംതാ സെമിനാരിയിലേക്കും ചിലപ്പോൾ ബാവാ വന്നിട്ടുണ്ട്. മനസ്സിലുള്ള വിഷമം ഒരാളോടു പറഞ്ഞ് ആശ്വാസം നേടുക മാത്രമായിരുന്നു ലക്ഷ്യം.
എന്നോടു ബാവായ്ക്കു പ്രത്യേക കരുതലായിരുന്നു. തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ പ്രാർഥനാ അവകാശത്തിനുവേണ്ടി ബാവാ ഉപവാസസമരം ഇരിക്കുന്ന കാലം. കോരിച്ചൊരിയുന്ന മഴയിൽ രാത്രി പൊലീസ് സ്റ്റേഷനടുത്തുള്ള ചാപ്പലിനു മുന്നിലാണ് ഉപവാസം. മരണശേഷം തന്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് വരണമെന്ന് അദ്ദേഹം വിൽപത്രം എഴുതി. മലങ്കര മെത്രാപ്പൊലീത്ത തിരഞ്ഞെടുപ്പിൽ, സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ലാതിരുന്നിട്ടും അദ്ദേഹം എന്റെ പേര് എഴുതിക്കാണിച്ചു.
ആളുകൾ ബാവായോടു കാണിക്കുന്ന വൈകാരികമായ അടുപ്പം കണ്ട് പലപ്പോഴും കണ്ണു നിറഞ്ഞിട്ടുണ്ട്. സഭയിൽ ബാവായ്ക്ക് അനുയായികൾക്കൊപ്പം ഫാൻസും ഉണ്ടോയെന്നു തോന്നിയിട്ടുണ്ട്. എത്ര പണച്ചെലവുള്ള ദൗത്യത്തിന് ഇറങ്ങിയാലും ബാവായുടെ ഒരു വാക്കു മതിയായിരുന്നു ആ ലക്ഷ്യം നിറവേറ്റാൻ. യാമപ്രാർഥനകൾക്കായി മുഴങ്കാൽ മടക്കിയുള്ള ബാവായുടെ ഇരിപ്പു കണ്ടാൽ അറിയാമായിരുന്നു പ്രാർഥനയുടെ തീവ്രത. ദൈവം ഇറങ്ങിവന്നു വസിക്കാൻ പാകത്തിലുള്ള പ്രാർഥനയാണത്.
ദൈവത്തിൽ ആശ്രയിച്ചാണു ബാവാ ഓരോ തീരുമാനവും എടുത്തിരുന്നത്. തീരുമാനം എടുത്തുകഴിഞ്ഞാൽ ആരു വിചാരിച്ചാലും അതിൽനിന്നു പിൻമാറ്റാൻ കഴിയുമായിരുന്നില്ല. നിർണായക സന്ദർഭങ്ങളിൽ ബാവാ എടുത്തിരുന്ന തീരുമാനങ്ങൾ അവസരോചിതമായിരുന്നു, കൃത്യവും വ്യക്തവുമായിരുന്നു. ആരോപണങ്ങളിലും വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും തകരുന്ന മനസ്സായിരുന്നില്ല അദ്ദേഹത്തിന്റേത്. മലങ്കരസഭയുടെ മഹാ ഇടയൻ ഓർമയായി. ദേഹമേ ഇൗ ലോകം വിടുന്നുള്ളൂ. അദ്ദേഹത്തിന്റെ ചൈതന്യം എന്നും സഭയുടെ ശക്തിയായി നിലകൊള്ളും. അദ്ദേഹം കൂടെയുണ്ടെന്ന വിശ്വാസം സഭയ്ക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്താകും.