ADVERTISEMENT

പോരാട്ടം പൗരോഹിത്യത്തിനു ചേരുന്ന വാക്കല്ല. പക്ഷേ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പേരിനൊപ്പം ആ വാക്കില്ലെങ്കിൽ വിട്ടുപോകുന്നതു യാക്കോബായ സഭയുടെ കുറെ പതിറ്റാണ്ടുകളുടെ ചരിത്രമാകും. ബലിവേദികളിൽ ശ്രേഷ്ഠപുരോഹിതനും പടനിലങ്ങളിൽ തളരാത്ത പോരാളിയുമായി നിറഞ്ഞുനിന്ന ജീവിതം. വിറയാർന്ന കണ്ഠത്തിൽനിന്ന് ‘അനുഗ്രഹിക്കപ്പെട്ട വാത്സല്യ മക്കളേ’ എന്ന വിളി ഇനിയില്ല. നനവുള്ള ആ ശബ്ദം ആയിരങ്ങളെ കരയിച്ചു, അടക്കിനിർത്തേണ്ടവരെ നിശ്ശബ്ദരാക്കി.

ഇങ്ങനെയൊരു സഭാനാഥൻ ചരിത്രത്തിലെങ്ങുമില്ല, ഇനി കാണുകയുമില്ല. ശ്രേഷ്ഠ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ട ഇൗ പിതാവ് വെറും നാലാം ക്ലാസുകാരനാണ്. തന്നെക്കാൾ അറിവും പാണ്ഡിത്യവും വാക്ചാതുരിയും സമ്പത്തുമുള്ള എത്രയോ പേരുടെ നാഥൻ. അപസ്മാരബാധ അലട്ടിയ ബാല്യം, അഞ്ചലോട്ടക്കാരന്റെ കൗമാരജീവിതം, വൈദികനായി ഒരേസമയം സന്യാസിയുടെയും ധ്യാനഗുരുവിന്റെയും പണിക്കാരന്റെയും പകർന്നാട്ടങ്ങൾ, സഭയുടെ പോരാളി, കോടതിരേഖകളിൽ 600ൽ ഏറെ കേസുകളിൽ പ്രതി. മറ്റൊരു ശ്രേഷ്ഠ പുരോഹിതനും നടക്കേണ്ടി വന്നിട്ടില്ലാത്ത വഴികളിലൂടെ ദൈവനിയോഗം കൊണ്ടുമാത്രം നടന്നയാൾ.

അരമനയിലും തെരുവോരത്തും ഒരുപോലെ പായ വിരിച്ചുകിടന്നു. സമരവേദികളെ പ്രാർഥനാവേദികളാക്കി. സഭയ്ക്കുവേണ്ടി മർദനമേറ്റു, ജയിലിലായി. ദിവസങ്ങളോളം ഉപവസിച്ചു. ഇൗ പോരാട്ടജീവിതത്തിന് ആഗോള സുറിയാനി സഭ നേരത്തേതന്നെ മഹത്വത്തിന്റെ മകുടമണിയിച്ചു – മലങ്കരയുടെ യാക്കോബ് ബുർദാന. ആദിമ നൂറ്റാണ്ടിൽ സഭയ്ക്കുവേണ്ടി ഏറെ പോരാടിയ സന്യാസിവര്യനാണ് യാക്കോബ് ബുർദാന.

ശ്രേഷ്ഠ പൗരോഹിത്യത്തിന്റെ കൈമുത്തലുകൾക്കൊപ്പം വിശ്വാസികൾ അദ്ദേഹത്തെ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. ജീവസന്ധാരണത്തിനായി അഞ്ചലോട്ടക്കാരനായിത്തുടങ്ങിയ ഇൗ മനുഷ്യൻ അവസാന നിമിഷം വരെ വിശ്രമമില്ലാതെ ഓടി.

പോരാട്ടവഴിയിൽ

കുർബാനയ്ക്കിടെ സുറിയാനി എക്കാറ രാഗങ്ങൾ വിറയാർന്ന ശബ്ദത്തിൽ ആലപിക്കുമ്പോൾ ശ്രേഷ്ഠ ബാവായുടെ കണ്ണു നിറയുമായിരുന്നു.   കുർബാനയർപ്പിക്കുമ്പോൾ കരയുന്നതിന്റെയും കണ്ഠമിടറുന്നതിന്റെയും കാരണമെന്തെന്ന് ഒരിക്കൽ ചോദിച്ചു. ഇതായിരുന്നു മറുപടി: ‘ദൈവസന്നിധിയിൽ ക്രിസ്തുവുമായി മുഖാമുഖം നിൽക്കുമ്പോൾ നമ്മുടെ ഇല്ലായ്മയെയും അവിടുന്നു കാണിക്കുന്ന വലിയ കരുണയെയും ഓർത്തു കണ്ണു നിറയാറുണ്ട്. ജനങ്ങൾക്കുവേണ്ടി കണ്ണുനീർ വീഴ്ത്താൻ ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നാലാം ക്ലാസിൽ മലയാളത്തിനു രണ്ടുവട്ടം തോറ്റു എന്നതാണു വിദ്യാഭ്യാസയോഗ്യത. 

എന്നിട്ടും എന്നെ പുരോഹിതഗണത്തിലേക്കു ദൈവം കൈപിടിച്ചുയർത്തി. എന്നെപ്പോലെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാളും പുരോഹിതനായിട്ടില്ല. ബലിവേദിയിൽ ആ ഓർമ എന്റെ മനസ്സിലുണ്ട്.’ പാണ്ഡിത്യത്തിന്റെ സിംഹാസനങ്ങളിലല്ല, പ്രായോഗികതയുടെ നാട്ടുവഴികളിലും പോരാട്ടത്തിന്റെ കനൽച്ചൂളകളിലുമായിരുന്നു ഇൗ മനുഷ്യൻ.  പതിനായിരക്കണക്കിനു വിശ്വാസികൾക്ക് അദ്ദേഹം ഒരു ശക്തിയായി, അവരുടെ ശക്തി ശ്രേഷ്ഠ ബാവായ്ക്ക് ഉറപ്പാർന്ന വിശ്വാസമായി.

വിശ്രമമില്ലാതെ

ജോലികൾ ബാക്കികിടക്കുമ്പോൾ വിശ്രമിക്കുന്നതു പാപമാണെന്ന പ്രത്യേക പ്രമാണം ശ്രേഷ്ഠ ബാവായ്ക്കുണ്ടായിരുന്നു. ജീവിതത്തിൽ ജോലിയൊഴിഞ്ഞ നേരമുണ്ടായില്ല. അതിനാൽത്തന്നെ വിശ്രമമെന്ന പാപത്തിലേക്ക് അദ്ദേഹം വീണില്ല. വൈദികനായിരിക്കെ പള്ളി പണിയാൻ തലയിൽ മണ്ണു ചുമക്കുന്ന ചിത്രം അച്ചടിച്ചുവന്നിട്ടുണ്ട്. ആരോ ഒളിച്ചുനിന്നെടുത്ത ഫോട്ടോ. പട്ടക്കാരന്റെ തലയിൽ മൺകുട്ടയേറ്റാൻ പാടില്ലെന്നു മെത്രാപ്പൊലീത്തയ്ക്കു പരാതിപോയി. അതുകൊണ്ട് ഒരു ഗുണമുണ്ടായി, പിന്നീട് എല്ലാ പള്ളിപണികൾക്കും വൈദികരെ മുൻനിരയിൽ കാണാനായി. 

English Summary:

Remembering Catholicos Baselios Thomas I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com