പിന്നിലിരുന്ന് പഠിച്ചു, എല്ലാവർക്കും മുന്നിലെത്തി
Mail This Article
എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ കുഞ്ഞൂഞ്ഞിനെ രോഗമാണു ദൈവത്തോട് അടുപ്പിച്ചത്. ചെറുപ്പത്തിലേ അപസ്മാരം കലശലായിരുന്നു. മലേക്കുരിശ് ദയറയിൽ കൊണ്ടുപോയി അമ്മ മനസ്സുരുകി പ്രാർഥിച്ചു; രോഗം മാറിയാൽ മകനെ ദൈവപാദത്തിങ്കൽ എന്നേക്കുമായി സമർപ്പിക്കാമെന്ന്. പിന്നീട് കുഞ്ഞൂഞ്ഞ് അപസ്മാരത്താൽ വീണുപിടഞ്ഞില്ല. ദൈവസന്നിധിയിൽ അമ്മയുടെ കാണിക്കയായ ആ മകന്റെ ജീവിതം, തളർന്നുവീണവരെ പ്രത്യാശയിലേക്കു നയിക്കാനുള്ളതായി മാറി.
കുഞ്ഞൂഞ്ഞിനെ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത പൗലോസ് മാർ പീലക്സിനോസ് വൈദികപഠനത്തിനു പിറമാടം ദയറയിലേക്കു വിട്ടു. 4 വർഷം കഴിഞ്ഞപ്പോൾ തിരികെപ്പോകണമെന്നു പയ്യൻ വാശിപിടിച്ചു. വൈദികനാകാനുള്ള വിദ്യാഭ്യാസമില്ലെന്നു പറഞ്ഞുനോക്കി. കുഞ്ഞൂഞ്ഞിനെ മെത്രാപ്പൊലീത്ത വടവുകോട് കോരുത് മൽപാന്റെ അടുത്തേക്കയച്ചു. നാലാം ക്ലാസിൽ തോറ്റുവന്നതിനാൽ മൽപാൻ സ്വീകരിച്ചില്ല. കപ്യാരുടെ അടുത്തുപോയി പഠിക്കാൻ പറഞ്ഞു. ശെമ്മാശൻമാരുടെ പിറകിലിരുന്നു പഠിച്ചോളാമെന്നു പറഞ്ഞത് സമ്മതിച്ചു.
ഇതിനിടെ സുവിശേഷയോഗങ്ങൾക്കു പോയിത്തുടങ്ങിയതോടെ പ്രസംഗകനെന്നു പേരെടുത്തു. വടവുകോട് പള്ളിയിലെ പ്രസംഗം കേട്ട കരപ്രമാണിമാർ ഒന്നു തീരുമാനിച്ചു, ഇനി ഇൗ പള്ളിയിൽ ഇൗ പയ്യൻ പ്രസംഗിച്ചാൽ മതി. മൽപാന്റെ അടുക്കൽനിന്നു മഞ്ഞനിക്കര ദയറയിൽ ഏലിയാസ് മാർ യൂലിയോസ് ബാവായുടെ അടുക്കൽ പഠനത്തിനു പോയി. അഞ്ചാം ദിവസം ബാവാ പറഞ്ഞു: ‘നിന്നെ നാളെ കുർബാനമധ്യേ വൈദികനാക്കുകയാണ്’. മഞ്ഞനിക്കരയിലെത്തി ഏഴാം ദിവസം വൈദികൻ! പ്രീഡിഗ്രിക്കാർക്ക് വൈദികനാകാൻ 3 വർഷം വേണ്ടപ്പോഴാണ് നാലാം ക്ലാസുകാരൻ ആകെ 126 ദിവസംകൊണ്ടു വൈദികനായത്.
പിന്നിലിരുന്നു പഠിച്ച കുഞ്ഞൂഞ്ഞ് എല്ലാവർക്കും മുന്നിലെത്തി ഫാ. തോമസ് ആയി. സുവിശേഷവേലക്കാലത്തുതന്നെ ദേവാലയങ്ങളും മറ്റു സ്ഥാപനങ്ങളും പണിയുന്ന ചുമതല നിറവേറ്റി. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി നിർമാണകാലത്ത് ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു. 1974ൽ മെത്രാനായി. മേൽപട്ടക്കാരനായും കാതോലിക്കയായും അരനൂറ്റാണ്ടിലേറെ നീണ്ട ജീവിതമാണ് ആധുനിക യാക്കോബായ സഭയുടെ ശിൽപിയായി അദ്ദേഹത്തെ മാറ്റിയത്.
സമരമുഖങ്ങളിൽ പതറാതെ
സമരമുഖങ്ങളിലെ പതറാത്ത നേതൃത്വം–കാലം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായെക്കുറിച്ചു വിശ്വാസികളുടെ ഓർമകളിൽ നിറച്ചുവയ്ക്കുന്ന ചിത്രം ഇതായിരിക്കും.
-
Also Read
വിയോഗത്തിൽ അനുശോചന പ്രവാഹം
ആലുവ തൃക്കുന്നത്തു പള്ളിയിലും പഴന്തോട്ടം പള്ളിയിലും കോലഞ്ചേരി പള്ളിയിലും ശ്രേഷ്ഠ ബാവാ നടത്തിയ സമരങ്ങൾ സംഭവബഹുലമാണ്. 44 ദിവസത്തെ നിരാഹാരം, ജയിൽവാസം, സത്യഗ്രഹം, ലാത്തിച്ചാർജ്– ഒരു ബിഷപ്പിന്റെ ജീവിതത്തിൽ സാധാരണമല്ലാത്ത കാര്യങ്ങൾ അദ്ദേഹം നേരിട്ടു. കോലഞ്ചേരി പള്ളി പ്രശ്നത്തിൽ ഒട്ടേറെത്തവണ ശ്രേഷ്ഠ ബാവാ ഉപവാസസമരം നടത്തി. പാമ്പാക്കുട, മാമലശേരി, കണ്യാട്ടുനിരപ്പ്, കടമറ്റം തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ അദ്ദേഹം പ്രതിരോധ സമരങ്ങളുടെ നേതൃനിരയിലായിരുന്നു.