ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റി കൺസ്യൂമർഫെഡിനു വേണ്ടി നിർമിച്ച സോഫ്റ്റ്‌വെയർ, കച്ചവടത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും ജീവനക്കാർക്കു സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അറിയിച്ച് സിഐടിയുവിന്റെ കത്ത്. സിപിഎം എംഎൽഎ പി.നന്ദകുമാർ പ്രസിഡന്റായ കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷനാണ് മാനേജ്മെന്റിന് കത്തയച്ചത്. 

മരുന്നു വിതരണ–വിൽപന വിഭാഗമായ നീതി മെഡിക്കൽ വിഭാഗത്തിലാണ് സോഫ്റ്റ്‌വെയർ ആദ്യം ഉപയോഗിച്ചത്. പിന്നാലെ, പിഴവു കാരണം പല മരുന്നുകൾക്കും ഉയർന്ന വില ബില്ലിൽ രേഖപ്പെടുത്തിയതായി കണ്ടെത്തി. മറ്റു സാങ്കേതിക പ്രശ്നങ്ങളുമുണ്ടായതോടെ മരുന്നു വിൽപന വൻതോതിൽ ഇടിഞ്ഞു. ഇവിടെനിന്നു ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ മറ്റ് മെഡിക്കൽ സ്റ്റോറുകളിൽനിന്നു മരുന്നു ലഭിക്കുന്ന സാഹചര്യവും ഉണ്ടായി. സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്നു കണ്ടെത്തിയെങ്കിലും ഊരാളുങ്കലിനെതിരെ പ്രതികരിക്കാൻ ആരും തയാറായില്ല. സോഫ്റ്റ്‌വെയർ നിർമിച്ചതിന് ഊരാളുങ്കലിന് വൻതുക നൽകിയെന്നും ആരോപണം ഉയർന്നിരുന്നു. 

സോഫ്റ്റ്‌വെയർ മാറ്റുന്നതിനെ ജീവനക്കാർ നേരത്തേതന്നെ എതിർത്തിരുന്നു. മന്ത്രി വി.എൻ.വാസവന്റെ ഓഫിസിൽ ഇക്കാര്യം അറിയിച്ചെങ്കിലും സോഫ്റ്റ്‌വെയറുമായി മുന്നോട്ടു പോകാനായിരുന്നു നി‍ർദേശം. മാത്രമല്ല, വിദേശമദ്യ വിൽപനശാല ഉൾപ്പെടെ മറ്റു വിഭാഗങ്ങളിലും ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. നിലവിലും ഭാവിയിലും ജീവനക്കാർക്കു സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്ന് സിഐടിയു നൽകിയ കത്തിൽ പറയുന്നു. ന്യൂനതകൾ പരിഹരിക്കാതെ ഈ സോഫ്റ്റ്‌വെയർ ത്രിവേണിയിൽ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Consumerfed Software Flaw: CITU Alleges Uralungal Society Responsible for Financial Losses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com