പാലത്തിൽ കുടുങ്ങി ശുചീകരണ തൊഴിലാളികൾ ട്രെയിനിടിച്ചു മരിച്ച ദുരന്തം; നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Mail This Article
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിൽ ട്രെയിനിടിച്ചുണ്ടായ ദുരന്തത്തിൽ പുഴയിലേക്കു വീണയാളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സേലം അയോധ്യപട്ടണം അടിമലൈപുത്തൂർ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആറോടെ കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിനു താഴെയായിരുന്നു പുഴയിൽ മൃതദേഹം. ഇന്നലെ രാവിലെ 7 മുതൽ അഗ്നിരക്ഷാസേന, സ്കൂബ ടീം, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹത്തിൽ തലയിൽ മാത്രമാണു മുറിവ് കണ്ടെത്തിയത്.
ഭാര്യ ഉൾപ്പെടെ ബന്ധുക്കളായ 3 പേർ കൺമുന്നിൽ ട്രെയിൻ തട്ടി അപകടത്തിൽപെടുന്നതു കണ്ട ലക്ഷ്മണൻ പുഴയിലേക്കു വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.5ന് ആണു ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് തട്ടി സേലം അയോധ്യപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), ബന്ധു റാണി (45) എന്നിവർ മരിച്ചത്. റാണിയുടെ ഭർത്താവാണു പുഴയിലേക്കു വീണു മരിച്ച ലക്ഷ്മണൻ.
റെയിൽവേയിലെ ശുചീകരണ ജോലി കരാർ എടുത്തയാൾ ചെറുതുരുത്തി ഭാഗത്ത് ട്രാക്കിലെ മാലിന്യങ്ങൾ നീക്കാൻ ഒറ്റ ദിവസത്തേക്കു വിളിച്ച തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇവർ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ താമസിച്ചു തൊഴിൽ തേടിയിരുന്നവരാണ്.
ചെറുതുരുത്തി വള്ളത്തോൾ നഗർ ഭാഗത്തെ മാലിന്യങ്ങൾ നീക്കിയ ശേഷം 10 പേരടങ്ങിയ തൊഴിലാളികൾ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽപാലം വഴി നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിനു മുന്നിൽ നിന്ന് ഓടിമാറാൻ കഴിയാതിരുന്ന 4 തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. പാലക്കാടു ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു പോയ കേരള എക്സ്പ്രസ് ഇടിച്ചാണ് അപകടം. ശനിയാഴ്ച മരിച്ച മൂന്നു പേരുടെയും മൃതദേഹം ഇന്നലെ രാവിലെ തന്നെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇന്നലെ കണ്ടെത്തിയ ലക്ഷ്മണന്റെ മൃതദേഹം രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഒരുമിച്ചു നാട്ടിലേക്കു കൊണ്ടുപോയി.
ഇന്നലെ രാവിലെ തന്നെ മരിച്ചവരുടെ കുടുംബാംഗങ്ങൾ പാലക്കാട്ടെത്തിയിരുന്നു. ഇവർ ഉച്ചയോടെ അപകടം നടന്ന സ്ഥലത്തും എത്തി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഒറ്റപ്പാലം തഹസിൽദാർ സി.എം.അബ്ദുൽ മജീദ്, പാലക്കാട് റെയിൽവേ ഡിവൈഎസ്പി എം.സന്തോഷ് കുമാർ, ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഇൻസ്പെക്ടർ വി.രവികുമാർ എന്നിവർ അപകട സ്ഥലം പരിശോധിച്ചു.
കരാറുകാരനെ നീക്കി റെയിൽവേ
ഷൊർണൂരിൽ ശുചീകരണ പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെട്ട ദമ്പതിമാരായ അതിഥിത്തൊഴിലാളികൾ അപകടത്തിൽപെട്ടതിനു പിന്നാലെ കരാറുകാരനെതിരെ റെയിൽവേയുടെ നടപടി. ശുചീകരണ ചുമതല ഏറ്റെടുത്ത മലപ്പുറം സ്വദേശി മുനവറിന്റെ കരാർ റെയിൽവേ റദ്ദാക്കി. ദാരുണമായ മരണങ്ങളിലേക്കു നയിച്ചതു കരാറുകാരന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണു റെയിൽവേയുടെ കണ്ടെത്തൽ.
ശുചീകരണത്തിനു നിയോഗിച്ചപ്പോൾ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ലെന്ന കാരണത്താലാണു നടപടി. തൊഴിലാളികൾ അപകടത്തിൽപെട്ട റെയിൽവേ പാലം മാലിന്യനീക്കത്തിന്റെ പരിധിയിൽ വരില്ലെന്നാണു റെയിൽവേയുടെ വിശദീകരണം. അതുകൊണ്ടുതന്നെ ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല. പാലക്കാട് ഭാഗത്തു നിന്നു ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്താതെ നേരിട്ടു തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ കടന്നുപോകുന്ന ഡൗൺ ലൈനിലെ പാലത്തിൽ പ്രത്യേക വേഗനിയന്ത്രണവും ഇല്ല. അനുവദനീയമായ വേഗത്തിൽ ഹോൺ മുഴക്കിയായിരുന്നു യാത്ര.