അപകടം: ഓടിമാറാനാകാതെ ശുചീകരണത്തൊഴിലാളികൾ; ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി 3 മരണം, ഒരാളെ കാണാതായി
Mail This Article
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം 3 പേർ ട്രെയിൻ തട്ടി മരിച്ചു. പുഴയിലേക്കു തെറിച്ചുവീണ നാലാമത്തെയാളെ രാത്രി വൈകിയും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്കു 3.05നു പാലക്കാട് – തൃശൂർ ലൈനിലെ ഷൊർണൂർ പാലത്തിൽ തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് തട്ടിയാണു ദുരന്തം.
ഒറ്റപ്പാലത്തു വാടകയ്ക്കു താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) എന്നിവരാണു മരിച്ചത്. റാണിയുടെ ഭർത്താവ് ലക്ഷ്മണൻ (48) ആണു പുഴയിലേക്കു വീണത്.
പുഴയുടെ മറുകരയിൽ വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു മാലിന്യം എടുത്തു നടന്നുവരികയായിരുന്ന 10 തൊഴിലാളികളിൽ 4 പേരാണ് അപകടത്തിൽപെട്ടത്. വളവായതിനാൽ ട്രെയിൻ എത്തിയത് ഇവർ കണ്ടില്ല. തൊട്ടടുത്ത് എത്തിയപ്പോഴാണ് ഇവരെ കണ്ടതെന്നും ഹോൺ മുഴക്കിയെങ്കിലും അവർക്കു മാറാൻ കഴിഞ്ഞില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ഒരു മൃതദേഹം പാലത്തിനു മുകളിലും രണ്ടെണ്ണം താഴെ പുഴക്കരയിലുമായിരുന്നു.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദർശനത്തിനു മുന്നോടിയായി ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാൾ ഒരു ദിവസത്തേക്കായി എത്തിച്ചതാണ് ഇവരെ. സംഭവത്തെക്കുറിച്ചു റെയിൽവേ അന്വേഷണം ആരംഭിച്ചു.
ഓടിച്ചെന്നു, മരണത്തിലേക്ക്
1. പാലക്കാട് ഭാഗത്തുനിന്നു ന്യുഡൽഹി–തിരുവനന്തപുരം കേരള എക്സ്പ്രസ് വരുന്നു.
2. കരയിൽനിന്ന് ഏകദേശം 50 മീറ്റർ അകലെ പാലത്തിൽ 2 സ്ത്രീകൾ ട്രാക്ക് വൃത്തിയാക്കുന്നു. മാലിന്യം നീക്കുന്നതിനിടെ ഇവർക്കുനേരെ ട്രെയിൻ പാഞ്ഞെത്തുന്നു. പാലത്തിനു ട്രെയിൻ കടന്നുപോകാനുള്ള വീതി മാത്രം. പാലത്തിൽ നിന്നു പുറത്തിറങ്ങാനാവാതെ നിസ്സഹായരായി അവർ.
3. ഇവിടെനിന്ന് 50 മീറ്റർ അകലെയായി 2 പുരുഷന്മാർ. തൊട്ടടുത്തുള്ള ക്യാബിനിലേക്ക് ഇവർക്കു മാറാമായിരുന്നുവെങ്കിലും സ്ത്രീകൾ നിന്നിരുന്ന ഭാഗത്തേക്ക്, കടന്നുവരുന്ന ട്രെയിനിന് അഭിമുഖമായി ഇരുവരും ഓടുന്നു. സ്ത്രീകളെ രക്ഷിക്കാനുള്ള ശ്രമം. ഒരാൾ സ്ത്രീകൾക്കടുത്തേക്ക് എത്തി. മൂവരെയും ട്രെയിനിടിച്ചു. 2 സ്ത്രീകൾ പുഴയിലേക്കും മറ്റെയാൾ ട്രാക്കിലും വീണു. 3 പേരും മരിച്ചു. തൊട്ടുപിന്നാലെ നാലാമത്തെയാളെയും ട്രെയിനിടിച്ചു. പുഴയിൽ വീണ അദ്ദേഹത്തെ കാണാതായി.