കുഴൽപണക്കേസ്: ഒത്തുതീർപ്പ് ആരോപണം മുറുകുന്നു; കൊടകരയിൽ ഒളിച്ചുകളി
Mail This Article
തിരുവനന്തപുരം / തൃശൂർ / കൊച്ചി ∙ കൊടകര കുഴൽപണക്കേസിലെ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയവിവാദമായി കത്തിപ്പടരവേ, അന്വേഷണ കാര്യത്തിൽ വ്യക്തതയില്ലാതെ പൊലീസും അനങ്ങാപ്പാറ നയം സ്വീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). ബിജെപി നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും 3 വർഷമായി അക്കാര്യത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാത്ത കേരള പൊലീസും ഹവാല ഇടപാടുകളടക്കം സംശയിച്ചിട്ടും നടപടിയെടുക്കാത്ത കേന്ദ്ര ഏജൻസികളും പ്രകടമായ അലംഭാവം കാട്ടിയ കേസാണ് ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സർക്കാർ പൊടിതട്ടിയെടുത്തിരിക്കുന്നത്.
ബിജെപി തൃശൂർ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് പറഞ്ഞ കാര്യങ്ങൾ അന്വേഷണഘട്ടത്തിൽ തന്നെ പൊലീസിന് അറിവുള്ളതാണ്. അവയെല്ലാം പരിശോധിച്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസ് വീണ്ടും അന്വേഷിക്കേണ്ട സ്ഥിതിയിലാണു പൊലീസ്. സതീഷിന്റെ മൊഴി അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.കെ.രാജു നാളെ രേഖപ്പെടുത്തും.
ഹവാല ഇടപാടുകൾ, പണത്തിന്റെ ഉറവിടം എന്നിവ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നാണ് പൊലീസിന്റെ വാദം. ഇക്കാര്യമാവശ്യപ്പെട്ട് 3 വർഷം മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ കത്തയച്ചിട്ടും ഇ.ഡിയും ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷനും അനങ്ങിയില്ല. മൊഴികൾ മാത്രമാണു പൊലീസിനു ലഭിച്ചതെന്നും വ്യക്തമായ തെളിവുകൾ ഇല്ലെന്നുമാണു കേന്ദ്ര ഏജൻസികളുടെ നിലപാട്. കള്ളപ്പണം വിനിയോഗിച്ചതു കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നു വ്യക്തമായിട്ടും അന്വേഷണം നടത്താനോ വകുപ്പുകൾ ചുമത്താനോ കേരള പൊലീസ് തയാറായതുമില്ല. ഇതോടെയാണ്, രാഷ്ട്രീയസാഹചര്യം മാത്രം നോക്കി ഇടയ്ക്കിടെ ഉപയോഗിക്കുന്ന ആയുധമായി മാത്രം കൊടകര കേസ് മാറുന്നെന്ന ആക്ഷേപം ശക്തമാകുന്നതും.