‘പരിശുദ്ധ കാതോലിക്കാ ബാവാ സ്‌നേഹം പകരുന്ന ശ്രേഷ്ഠാചാര്യൻ’
Mail This Article
പരുമല ∙ സമൂഹത്തിന് സ്‌നേഹം പകർന്ന് വിദ്വേഷമകറ്റുന്ന ആചാര്യ ശ്രേഷ്ഠനാണ് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ സഭയുടെ ‘ദ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഹോണർ’ ബഹുമതി സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി കാതോലിക്കാ ബാവാ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.
റഷ്യൻ ഓർത്തഡോക്‌സ് സഭയിലെ മെത്രാപ്പൊലിറ്റൻ ആന്റണി കാതോലിക്കാ ബാവായ്ക്ക് ബഹുമതി സമ്മാനിച്ചു. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. സ്റ്റെഫാൻ എന്നിവർ പ്രസംഗിച്ചു.
പരുമല പെരുന്നാളിന് കൊടിയിറങ്ങി
പരുമല∙ ഇടമുറിയാതെ പെയ്ത മഴ വകവയ്ക്കാതെ എത്തിയ ആയിരങ്ങളെ സാക്ഷിയാക്കി പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ പെരുന്നാളിന് കൊടിയിറങ്ങി. ഇന്നലെ പുലർച്ചെ നടത്തിയ കുർബാനയ്ക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസും ഡോ. യാക്കോബ് മാർ ഐറേനിയസും കാർമികത്വം വഹിച്ചു. മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന റാസയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.