കേരളവും തമിഴ്നാടും ഒറ്റക്കെട്ടാവണം: ഉദയനിധി
Mail This Article
കോഴിക്കോട് ∙ ഭാഷയും സംസ്കാരവും സാഹിത്യവും സ്വത്വവും നിലനിർത്താനുള്ള പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി നിൽക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളും ഫാഷിസത്തോടും വർഗീയതയോടും സന്ധി ചെയ്യാത്തവരാണെന്നും മലയാള മനോരമ ഹോർത്തൂസ് വേദിയിൽ സംസാരിക്കവേ ഉദയനിധി പറഞ്ഞു.
ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമം രാജ്യത്തിന്റെ ഐക്യത്തിനു വെല്ലുവിളിയാണ്. ഭാഷയെന്ന നിലയിൽ ഹിന്ദിയോടു വെറുപ്പില്ല. എന്നാൽ, അതുവഴി അധിനിവേശം നടപ്പാക്കാൻ ശ്രമിക്കുന്നതിനെ എതിർക്കും.
പണ്ട് സംസ്കൃതം സംസാരിക്കുന്നവർ സമൂഹത്തിലെ ഉന്നതർ എന്ന ചിന്ത ഉണ്ടായിരുന്നു. മെഡിക്കൽ പ്രവേശനത്തിനുപോലും സംസ്കൃതത്തിലെ മാർക്ക് മാനദണ്ഡമായി എടുത്തിരുന്നു. ഭാഷ ഉപയോഗപ്പെടുത്തിയുള്ള ഈ ഉച്ചനീചത്വങ്ങളെയാണ് എതിർക്കുന്നത്. തമിഴ്നാടിനെ സംബന്ധിച്ചു ദ്രാവിഡ സ്വത്വം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സാംസ്കാരിക ഇടപെടൽ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് ഉദയനിധി പറഞ്ഞു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു സ്വാഗതം പറഞ്ഞു.
ഇന്നു സമാപനം;കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംവദിക്കും
കോഴിക്കോട് ∙ മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന് ഇന്നു സമാപനം. ഇന്ന് 12ന്, പ്രധാന വേദിയായ ശംഖുപുഷ്പത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ‘ദേശവും ന്യൂനപക്ഷവും’ എന്ന വിഷയത്തിൽ സംവദിക്കും. മൂന്നു ദിവസം നീണ്ട മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നാനൂറോളം അതിഥികളാണ് അനുവാചകരുമായി സംവദിച്ചത്. ഹോർത്തൂസിന്റെ ഭാഗമായ പുസ്തകശാലയും, കൊച്ചി ബിനാലെ പവിലിയനും നവംബർ 10 വരെ തുടരും.