ജാപ്പനീസ് ക്ലാസ് നടത്തിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് പിഴ
Mail This Article
കോട്ടയം ∙ ജാപ്പനീസ് പഠന കോഴ്സ് നടത്തിയതിനു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിമർശനം. ഓൺലൈൻ കോഴ്സിൽ പരീക്ഷ നടത്താതെ സർട്ടിഫിക്കറ്റും നൽകി. അംഗീകാരമില്ലാത്ത കോഴ്സ് നടത്താൻ തനതു ഫണ്ടിൽനിന്നു ചെലവഴിച്ച തുക ചുമതലക്കാരായ ഉദ്യോഗസ്ഥരിൽനിന്നു തിരിച്ച പിടിക്കാനും ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശം.
-
Also Read
മുനമ്പം ഭൂമി പ്രശ്നം: 16ന് ഉന്നതതലയോഗം
തിരുവനന്തപുരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലെ പദ്ധതിയുടെ ഭാഗമായാണു ജാപ്പനീസ് പഠന കോഴ്സ് നടത്തിയത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ വേറെ അംഗീകാരം വേണ്ടെന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം തള്ളിയാണു 2021–22ലെ ഓഡിറ്റിലെ വിമർശനം.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ മക്കൾ ഉൾപ്പെടെ 11 പേരാണു കോഴ്സിൽ ചേർന്നത്. 62 മണിക്കൂർ ക്ലാസ് നടത്തിയെന്നാണു രേഖകളിൽ ഉള്ളത്. 101 മണിക്കൂർ കണക്കാക്കി 1.51 ലക്ഷം രൂപ കോഴ്സ് നടത്താൻ സഹകരിച്ച ഇൻസ്റ്റിറ്റ്യൂട്ടിനു നൽകി. പഠനോപകരണങ്ങൾ വാങ്ങാൻ ഉൾപ്പെടെ 1.73 ലക്ഷം രൂപയാണു ചെലവഴിച്ചത്. ഇതിൽ തനതു ഫണ്ടിൽനിന്നു ചെലവഴിച്ച 9,348 രൂപ തിരിച്ചുപിടിക്കാനാണു നിർദേശം. മലയാള ഭാഷയുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് 1968ൽ സ്ഥാപിതമായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.