ADVERTISEMENT

തൃശൂർ ∙ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ കള്ളപ്പണം എത്തിച്ചതായി കൊടകര കുഴൽപണക്കേസിലെ പരാതിക്കാരനും പണം കടത്താൻ നേതൃത്വം നൽകിയയാളുമായ കോഴിക്കോട് സ്വദേശി ധർമരാജൻ 2021 ൽ പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ പറയുന്നു. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നായി എത്തിച്ചത് 41.4 കോടി രൂപയാണ്.

കൊടകര കേസിൽ പിടിച്ചെടുത്ത തുകയും കാറും വിട്ടുകിട്ടാൻ ധർമരാജൻ 2021 ജൂണിൽ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിക്കെതിരെ പൊലീസ് നൽകിയ റിപ്പോർട്ടിലും ഈ വിവരങ്ങളുമുണ്ട്.

ഹവാലപ്പണം സഞ്ചരിച്ച വഴികളെക്കുറിച്ചു പൊലീസ് കണ്ടെത്തിയത്

∙ 2021 മാർച്ച് 1-6:
ധനരാജൻ, കെ.പി.വിജിത്ത്, സുധീർ സിങ് എന്നിവർ കടത്തിക്കൊണ്ടുവന്ന 4.40 കോടി രൂപ സേലത്തിനു സമീപം കൊള്ളയടിച്ചു. കൊള്ളസംഘത്തെ കണ്ടെത്താനോ പണം തിരിച്ചുപിടിക്കാനോ കഴിഞ്ഞിട്ടില്ല.

∙ മാർച്ച് 5: വടകര സ്വദേശിയുടെ വാടകക്കാറിൽ ഷാംജീറും റഷീദും 2 കോടി രൂപ കടത്തി. ബിജെപി തിരുവനന്തപുരം ഓഫിസിലെ അറ്റൻഡർ ബിനീത് തുളസീധരനാണു തിരുവനന്തപുരത്തു പണം കൈമാറിയത്.

∙ മാർച്ച് 8: വടകര സ്വദേശിയുടെ വാടകക്കാറിൽ ഷാംജീറും റഷീദും 3.50 കോടി രൂപ ബിനീത് തുളസീധരനു കൈമാറി.

∙ മാർച്ച് 12: ഇതേ കാറിൽ ഷാംജീറും റഷീദും തൃശൂർ അമല നഗറിൽ 2 കോടി രൂപ ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനനു കൈമാറി.

∙ മാർച്ച് 13: ഇതേ കാറിൽ ഷാംജീറും റഷീദും 1.50 കോടി രൂപ സുജയ് സേനനു വീണ്ടും അമലനഗറിൽ കൈമാറി.

∙ മാർച്ച് 14: ഇവർക്കിടയിൽ‌ അന്ന് 1.50 കോടി രൂപയുടെ കൈമാറ്റം നടന്നതു തൃശൂർ വിയ്യൂരിലാണ്.

∙ മാർച്ച് 16: ധർമരാജന്റെ അനുജൻ ധനരാജൻ കെഎസ്ആർടിസി ബസിൽ 50 ലക്ഷം രൂപയുമായി ആലുവയിലെത്തി സോമശേഖരൻ എന്നു സംശയിക്കുന്ന ഒരാൾക്കു പണം കൈമാറി.

∙ മാർച്ച് 18: ലോറിയിൽ കൊണ്ടുവന്ന 1.10 കോടി രൂപ ഡ്രൈവർ ഷിജിൻ അരൂരിനു സമീപം കാത്തുനിന്ന ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിനു കൈമാറി.

∙ മാർച്ച് 20: ധർമരാജൻ, ഷിജിൻ, ധനരാജൻ, ഷൈജുവെന്നു വിളിക്കുന്ന ഷാജി എന്നിവർ 7 കോടി രൂപ കൊണ്ടുവന്നു.

∙ മാർച്ച് 21: ഷാംജീറും ധനരാജനും കാറിൽ 1.40 കോടി രൂപ കൊണ്ടുവന്നു കണ്ണൂർ ബിജെപി ഓഫിസിലെ ശരത്തിനു കണ്ണൂരിൽ കൈമാറി. അതേ ദിവസം തന്ന ഷാംജീറും ധനരാജനും 1.50 കോടി രൂപയുമായി കാസർകോട്ട് എത്തി. കോഴിക്കോട് മേഖലാ സെക്രട്ടറി കെ.പി.സുരേഷിനു കൈമാറി.

∙ മാർച്ച് 22: ധനരാജൻ ഒരു കോടി രൂപയുമായി കോഴിക്കോട് എത്തി ബിജെപി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണനു കൈമാറി.

∙ മാർച്ച് 23: ഷാംജീറും റഷീദും 1.50 കോടി രൂപ ആലപ്പുഴ കുത്തിയതോട്ടിൽ മേഖലാ സെക്രട്ടറി പത്മകുമാറിനു കൈമാറി.

∙ മാർച്ച് 25: റഷീദ് ഒരു കോടി രൂപ ആലപ്പുഴ വച്ചു പത്മകുമാറിനു വീണ്ടും കൈമാറി.

∙ മാർച്ച് 25: ഷിജിൻ ലോറിയിൽ കൊണ്ടുവന്ന 1.10 കോടി രൂപ തിരുവനന്തപുരം തമ്പാനൂരിൽ ധർമരാജനു കൈമാറി.

∙ മാർച്ച് 26, 27: ഷിജിൻ പാഴ്സൽ ലോറിയിൽ 6.50 കോടി രൂപ കർണാടകയിൽനിന്നു കേരളത്തിലേക്കു കടത്തി.

∙ മാർച്ച് 27: കാറിൽ കൊണ്ടുവന്ന 1.50 കോടി രൂപ ധർമരാജൻ കോഴിക്കോട്ട് ഉണ്ണിക്കൃഷ്ണനു കൈമാറി. അന്നുതന്നെ കാറിൽ കൊണ്ടുവന്ന ഒരു കോടി രൂപ റഷീദ് തൃശൂരിൽ സുജയ് സേനനു കൈമാറി.

∙ മാർച്ച് 29: ഷിജിൻ കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന 1.10 കോടി രൂപ തമ്പാനൂരിൽ ധർമരാജനു കൈമാറി.

∙ മാർച്ച് 31: ഷിജിൻ കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന 1.10 കോടി രൂപ തമ്പാനൂരിൽ ധർമരാജനു കൈമാറി.

∙ ഏപ്രിൽ 3: ഷിജിൻ ലോറിയിൽ കൊണ്ടുവന്ന 6.30 കോടി രൂപ തൃശൂരിൽ ധർമരാജനും സുജയ് സേനനും കൈമാറി. അന്നുതന്നെ ഷാംജീറും റഷീദും കാറിൽ കൊണ്ടുവന്ന 3.50 കോടി രൂപ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്തായ്ക്കു കൈമാറാൻ കൊണ്ടുവരും വഴി കൊടകരയിൽ കൊള്ളയടിക്കപ്പെട്ടു.

∙ ഏപ്രിൽ 4: ഷിജിൻ ലോറിയിൽ കൊണ്ടുവന്ന 1.40 കോടി രൂപ പത്തനംതിട്ടയിൽ ഓർഗനൈസിങ് സെക്രട്ടറി എം.എസ്.അനിൽകുമാറിനു കൈമാറി.

∙ ഏപ്രിൽ 5: കെഎസ്ആർടിസി ബസിൽ പ്രശാന്ത് കൊണ്ടുവന്ന 1.50 കോടി രൂപ കോഴിക്കോട് അളകാപുരിയിൽ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്ത് കുമാറിനു കൈമാറി.

English Summary:

Kodakara Hawala money: 41 crores distributed in 1 month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com