ഗെസ്റ്റ് അധ്യാപക നിയമനം; നടപടിക്രമങ്ങളായി
Mail This Article
തിരുവനന്തപുരം ∙ കോളജുകളിലെ ഗെസ്റ്റ് അധ്യാപക നിയമനത്തിന് നടപടിക്രമം തയാറാക്കി കോളജ് വിദ്യാഭ്യാസ വകുപ്പ്. നിയമനം, നിയമന അംഗീകാരം, ശമ്പള വിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണു നടപടിക്രമം പുറത്തിറക്കിയത്. ഉദ്യോഗാർഥികൾ ഒറ്റത്തവണ ഓൺലൈൻ ( www.collegiateedu.kerala.gov.in) റജിസ്ട്രേഷൻ നടത്തിയാൽ മതിയാകും. അധിക യോഗ്യതകൾ പിന്നീട് കൂട്ടിച്ചേർക്കാം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഏത് ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസിലും ഹാജരാകാം. തുടർന്നു ലഭിക്കുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കേരളത്തിലെവിടെയും ഉപയോഗിക്കാം.
അഭിമുഖത്തിനു ശേഷം ലിസ്റ്റ് കോളജ് വെബ്സൈറ്റിലും നോട്ടിസ് ബോർഡിലും പ്രസിദ്ധീകരിക്കണം. യുജിസി നെറ്റ് യോഗ്യതയുള്ളവരെ മെയിൻ ലിസ്റ്റിലും പിജിക്ക് 55% മാർക്കുള്ളവരെ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തണം. മെയിൻ ലിസ്റ്റിൽ ഉദ്യോഗാർഥികളില്ലെങ്കിൽ മാത്രമേ സപ്ലിമെന്ററിയിൽനിന്നു നിയമനം നടത്താവൂ. അപേക്ഷകരിൽ നിന്ന് ഫീസ് ഈടാക്കരുത്. ഓരോ വർഷത്തെയും നിയമനങ്ങൾ ഏപ്രിൽ 30ന് അകം കോളജുകൾ അറിയിക്കണം.
സ്പാർക് സോഫ്റ്റ്‌വെയറിലെ നടപടികളും ലഘൂകരിച്ചിട്ടുണ്ട്. ശമ്പളം വൈകിപ്പിച്ചാൽ കോളജിന്റെ ഭാഗത്തെ വീഴ്ചയാണെങ്കിൽ പ്രിൻസിപ്പലും വകുപ്പ് മേധാവിയും ഓഫിസ് സൂപ്രണ്ടും സെക്‌ഷൻ ക്ലാർക്കും തുല്യ ഉത്തരവാദികളാണ്. നിയമന അംഗീകാരം നൽകൽ, ശമ്പളം നൽകൽ എന്നിവയിൽ മേഖല ഡിഡി ഓഫിസ്തലത്തിലെ വീഴ്ചയാണെങ്കിൽ മേഖലാ ഡപ്യൂട്ടി ഡയറക്ടർ, അക്കൗണ്ട്സ് ഓഫിസർ, സെക്‌ഷൻ സൂപ്രണ്ട്, ക്ലാർക്ക് എന്നിവർക്കും തുല്യ ഉത്തരവാദിത്തമായിരിക്കും.
നിയമനത്തിനു നടത്തുന്ന അഭിമുഖത്തിൽ അധ്യയന പരിചയത്തിന് – 5, പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ– 5, ആശയവിനിമയ ശേഷി–5, വിഷയത്തിലെ അറിവ്–10 എന്നിങ്ങനെ 25 മാർക്കാണ് നൽകേണ്ടത്. 40% മാർക്ക് ലഭിക്കുന്നവരെ മാത്രമേ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താവൂ. ഗെസ്റ്റ് അധ്യാപകർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത പ്രശ്നങ്ങൾ വാർത്തയായതിനെത്തുടർന്നു മന്ത്രി ആർ.ബിന്ദു വിളിച്ചു ചേർത്ത യോഗത്തിലാണു കാലതാമസം ഒഴിവാക്കാൻ നടപടിക്രമം തയാറാക്കാൻ നിർദേശം നൽകിയത്. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് കോളജുകളിലായി ആയിരത്തിലധികം ഗെസ്റ്റ് അധ്യാപകരാണു ജോലി ചെയ്യുന്നത്.