ശബരിമല റോപ്‌വേ നിർമാണം: വനഭൂമിക്ക് പകരം കൈമാറുന്നത് 11 ഏക്കർ റവന്യു ഭൂമി; കൈമാറ്റം 14ന്
Mail This Article
കോട്ടയം ∙ ശബരിമല റോപ്‌വേ നിർമാണത്തിനായി ഉപയോഗിക്കുന്ന വനഭൂമിക്കു പകരം നൽകുന്ന റവന്യു ഭൂമി 14നു കൈമാറ്റം ചെയ്യും. കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് സെക്‌ഷനിലുള്ള 4.5 ഹെക്ടർ (11.12 ഏക്കർ) റവന്യു ഭൂമിയാണു വനംവകുപ്പിനു കൈമാറുന്നത്. വനംവകുപ്പിനു പകരം സ്ഥലം നൽകുന്നതു സംബന്ധിച്ച കുരുക്കാണു പദ്ധതി വൈകിപ്പിച്ചതെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
ഈ മണ്ഡലകാല സീസണിൽത്തന്നെ പദ്ധതിക്കു തറക്കല്ലിടുമെന്നും അദ്ദേഹം അറിയിച്ചു. 18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും വിശദ പദ്ധതി റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. റോപ്‌വേയിലൂടെ 10 മിനിറ്റിൽ സന്നിധാനത്തു നിന്നു പമ്പയിലെത്താം.
ഹിൽടോപ് മുതൽ സന്നിധാനത്തെ പൊലീസ് ബാരിക്കേഡ് വരെയാണു റോപ്‌വേ. സന്നിധാനത്തേക്കുള്ള ചരക്കുനീക്കമാണു പ്രധാനലക്ഷ്യം. അടിയന്തര സാഹചര്യത്തിൽ രോഗികളെ എത്തിക്കാനുള്ള കാർ ആംബുലൻസ് സംവിധാനവും റോപ്‌വേയിൽ ഉണ്ടാകും. റോപ്‌വേ നിർമാണത്തിനായി 80 മരങ്ങൾ മുറിക്കുകയോ വെട്ടിയൊരുക്കുകയോ ചെയ്യേണ്ടി വരുമെന്നാണു കണക്ക്.
ശബരിമല റോപ്‌വേ
ചെലവ്: 250 കോടി രൂപ
ദൂരം: 2.7 കിലോമീറ്റർ
തുടക്കം: ഹിൽടോപ്
തീരുന്നത്: സന്നിധാനം
ടവറുകൾ: 5 എണ്ണം
ഉയരം: 40 മുതൽ 60 മീറ്റർ വരെ