പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി 8ന്
Mail This Article
തലശ്ശേരി ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 8നു വിധി പറയും. ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ഇന്നലെ 2 മണിക്കൂർ വാദം കേട്ടു.
എഡിഎം കൈക്കൂലി വാങ്ങിയെന്നു പ്രശാന്തിൽനിന്ന് അറിഞ്ഞപ്പോൾ അക്കാര്യം ശ്രദ്ധയിൽപെടുത്തുകയാണു ചെയ്തതെന്ന നിലപാട് ആവർത്തിച്ചാണു ദിവ്യയ്ക്കുവേണ്ടി അഡ്വ. കെ.വിശ്വൻ വാദം തുടങ്ങിയത്. ഇതിനെ സാധൂകരിക്കാൻ എഡിഎമ്മിന്റെയും പ്രശാന്തിന്റെയും ഫോൺവിളികളുടെ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, കലക്ടറുടെ മൊഴി തുടങ്ങിയവ ചൂണ്ടിക്കാട്ടുകയും ചെയ്തു.
എന്നാൽ, പ്രശാന്ത് കൈക്കൂലി നൽകിയതിനു തെളിവില്ലെന്നും ഗംഗാധരൻ എന്നയാൾ വിജിലൻസിനു നൽകിയ പരാതിയിൽ എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നു കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ ചൂണ്ടിക്കാട്ടി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. ജോൺ എസ്.റാൽഫ് ഹാജരായി. കലക്ടർ എഡിഎമ്മിന്റെ കുടുംബത്തിനു നൽകിയ കത്ത് രേഖയായി സമർപ്പിച്ചാണ് ജോൺ എസ്.റാൽഫ് വാദങ്ങളെ ഖണ്ഡിച്ചത്.
സംസ്കാരച്ചടങ്ങിനു പോലും വീട്ടിൽ കയറ്റാൻ കൊള്ളാത്ത കലക്ടറോട് എഡിഎം തുറന്നുപറഞ്ഞെന്ന വാദം വിശ്വസിക്കാൻ കഴിയില്ല. പ്രത്യേക അന്വേഷണസംഘം ഇതുവരെ കുടുംബത്തിന്റെ മൊഴിയെടുത്തിട്ടില്ലെന്നും തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ മൊഴിയെടുക്കാതെ പ്രത്യേക അന്വേഷണ സംഘം
പത്തനംതിട്ട ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തില്ല. കണ്ണൂർ റേഞ്ച് ഐജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ഒക്ടോബർ 25നാണു കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
സഹോദരൻ നൽകിയ പരാതിയിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കാനുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ എസിപി രത്നകുമാർ, എസ്എച്ച്ഒമാരായ ശ്രീജിത് കൊടേരി, സനൽ കുമാർ, എസ്ഐമാരായ ശ്രീജിത്(സൈബർ സെൽ), രേഷ്മ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. നവീന്റെ മരണത്തിന്റെ പിറ്റേന്ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്.
ഒക്ടോബർ 15നായിരുന്നു എഡിഎം നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസാണു തുടക്കത്തിൽ കേസ് അന്വേഷിച്ചത്. നവീന്റെ സംസ്കാര ദിവസം 2 പൊലീസുകാർ മലയാലപ്പുഴയിലെ വീട്ടിലെത്തി ഭാര്യ മഞ്ജുഷയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
ജില്ലാ ഭരണത്തിൽ രണ്ടാമനായ വ്യക്തിയുടെ മരണം ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് തുടക്കത്തിൽ തന്നെ അഭിപ്രായം ഉയർന്നെങ്കിലും ഒരാഴ്ചയിലേറെ മാറ്റമൊന്നുമുണ്ടായില്ല. റവന്യു വകുപ്പിൽനിന്നും ആരോഗ്യ വകുപ്പിൽനിന്നും ഉയർന്ന ഉദ്യോഗസ്ഥരാണ് നവീന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.