പാമ്പുകടിച്ചത് അറിയാൻ വൈകി;8 വയസ്സുകാരിക്ക് ദാരുണാന്ത്യം
Mail This Article
കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ എട്ടു വയസ്സുകാരി സന അസ്ബിയ ഇന്നലെ ചിറ്റൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പ്രസംഗം, കയ്യെഴുത്തുമത്സരം എന്നീ ഇനങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ വേദിയിൽ അവളുടെ സ്വരം മുഴങ്ങിയില്ല, കടലാസിൽ അവളുടെ അക്ഷരഭംഗി പതിഞ്ഞില്ല. പുറമ്പോക്കിലെ ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ ഉമ്മൂമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന സന നേരംപുലരും മുൻപേ പാമ്പുകടിയേറ്റു മരിച്ചു.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് ഉമ്മൂമ്മ റഹ്മത്ത് (45) പാമ്പുകടിയേറ്റ് ഉണർന്നത്. സമീപത്തുതന്നെ വാടകവീട്ടിൽ താമസിക്കുന്ന മക്കളും അയൽക്കാരും ഓടിക്കൂടി കെട്ടുവരിയൻ പാമ്പിനെ (വെള്ളിക്കെട്ടൻ) പിടികൂടുകയും റഹ്മത്തിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തനിക്കു കടിയേറ്റില്ലെന്നാണ് സന പറഞ്ഞത്. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം റഹ്മത്തിനെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴും സന ഒപ്പമുണ്ടായിരുന്നു. രാത്രി രണ്ടരയോടെ സന തളർന്നുവീണപ്പോൾ നടത്തിയ പരിശോധനയിലാണ് അവൾക്കും പാമ്പുകടിയേറ്റെന്നു സ്ഥിരീകരിക്കുന്നത്. ഉടൻ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകളായ സന, കുന്നങ്കാട്ടുപതി ഗവ. എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കം നടത്തി. സഹോദരി: അസ്മ തസ്‌ലിൻ. മുൻപും ഈ വീട്ടിൽ പാമ്പിനെ കണ്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.