ADVERTISEMENT

കൊച്ചി ∙ നാട്ടാനകൾക്ക് എതിരെയുള്ള ക്രൂരത തടയാനുള്ള മാർഗരേഖ ഹൈക്കോടതി പുറപ്പെടുവിക്കും. കരട് നിർദേശങ്ങൾ 12 ന് വ്യക്തമാക്കുമെന്നു ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അറിയിച്ചു. 

എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള അവസരങ്ങളിൽ നടപ്പാക്കേണ്ട  നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ അമിക്കസ് ക്യൂറി ഡിവിഷൻ ബെഞ്ചിൽ നൽകിയിരുന്നു. സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനത്തിനും ആനകളെ ഉപയോഗിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് അമിക്കസ് ക്യൂറി ടി.സി. സുരേഷ് മേനോൻ സമർപ്പിച്ചിരിക്കുന്നത്.

നാട്ടാനകളുടെ പരിപാലനവും മറ്റും സംബന്ധിച്ച 2012 ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള 2023ലെ ചട്ടം ഇപ്പോഴും കരട് നിലയിലാണെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

2018-2024 കാലഘട്ടത്തിൽ നിലവിലുള്ള നാട്ടാനകളിൽ 30% ചരിഞ്ഞെന്നു കണക്കുകൾ പരിശോധിച്ച് കോടതി പറഞ്ഞു. നാട്ടാന സൗഹൃദ സംസ്ഥാനമാക്കാതെ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കു കൂടുതൽ ആനകളെ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കില്ല. ക്ഷേത്രാചാരങ്ങൾക്കായി ആനകളെ എഴുന്നള്ളിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഉത്സവങ്ങൾക്ക് ആനകളുടെ എണ്ണം കൂട്ടുന്ന പ്രവണതയാണ് ഇപ്പോൾ. ഇതിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ട്. സമൂഹ മാധ്യമ പ്രചാരണവും  കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.

തുറവൂർ ക്ഷേത്രത്തിൽ ദീപാവലി സമയത്തെ  ഉത്സവത്തിന് ആനകൾക്ക് പനമ്പട്ട മാത്രമാണ് നൽകിയത്. വിലക്കുറവായതാകാം കാരണം. പനമ്പട്ട മാത്രം കഴിക്കുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നാട്ടാനകളെ സംബന്ധിച്ച ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.

കർശന നിയന്ത്രണം ഏർപ്പെടുത്തണം

∙ 65 വയസ്സ് പിന്നിട്ട ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് അമിക്കസ് ക്യൂറി നൽകിയിരിക്കുന്നത്. ആനകളെ ഒരു ദിവസം 100 കിലോമീറ്ററിൽ കൂടുതൽ വാഹനത്തിൽ കൊണ്ടുപോകരുത്. 30 കിലോമീറ്ററിലേറെ നടത്തിക്കരുത്. ഓരോ എഴുന്നള്ളിപ്പിനു ശേഷവും 24 മണിക്കൂർ വിശ്രമം നിർബന്ധമാക്കണം. ആനകളുടെ തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല.

ഘോഷയാത്രയ്ക്കും എഴുന്നള്ളിപ്പിനും ആനകളെ ഉപയോഗിക്കുമ്പോൾ അവ തമ്മിൽ നാലു വശത്തും മൂന്നു മീറ്ററിൽ കുറയാതെ അകലം വേണം. ജനങ്ങളുമായി 10 മീറ്റർ അകലം വേണം. ആനകളിൽ നിന്ന് കുറഞ്ഞത് 5 മീറ്ററെങ്കിലും അകലത്തിലാകണം തീവെട്ടി. എട്ടു മീറ്ററിൽ കുറവ് വീതിയുള്ള പൊതുറോഡിൽ ഘോഷയാത്രയ്ക്ക് അനുമതി നൽകരുത്. 

വെടിക്കെട്ട് നടക്കുന്നയിടത്തു നിന്നു 100 മീറ്റർ അകലം പാലിക്കണം. മൂന്നിലേറെ ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ സർക്കാർ വെറ്ററിനറി ഡോക്ടർ മുഴുവൻസമയവും സ്ഥലത്തുണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അമിക്കസ് ക്യൂറി സമർപ്പിച്ചത്.

അമിക്കസ് ക്യൂറിയുടെ ശുപാർശകൾ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡ്, ആന ഉടമകൾ എന്നിവരുടെ ഭാഗം കൂടി കേട്ട ശേഷമാകണം തീരുമാനമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു.

English Summary:

High Court to issue guidelines to prevent cruelty to native elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com