കുഴലിൽ കുടുങ്ങി കേരള ബിജെപി; ഉപതിരഞ്ഞെടുപ്പുകാലത്ത് നേതൃത്വം പ്രതിരോധത്തിൽ
Mail This Article
തിരുവനന്തപുരം ∙ കൊടകര കുഴൽപണക്കേസിൽ, പാർട്ടിയിൽ പണം കൈകാര്യം ചെയ്തിരുന്നയാൾ തന്നെ ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയതോടെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിരോധത്തിൽ.
2021 ലെ തിരഞ്ഞെടുപ്പിലുണ്ടായ പ്രതിസന്ധി കഴിഞ്ഞെന്നു കരുതിയ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണു പുതിയ വെളിപ്പെടുത്തൽ. പാർട്ടി വോട്ടിനു പുറമേ പതിനായിരത്തോളം വോട്ടെങ്കിലും കിട്ടിയാലേ പാലക്കാട്ട് ജയിക്കാനാവൂ എന്നാണ് വിലയിരുത്തൽ. ആ ശ്രമത്തിന് ഇപ്പോഴുയർന്ന ആരോപണങ്ങൾ തടസ്സമാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.
യുവനേതാവ് സന്ദീപ് വാരിയർ സിപിഎമ്മിലേക്കു പോകുന്നുവെന്ന മട്ടിൽ ചർച്ചയുണ്ടായതും ഇടഞ്ഞുനിൽക്കുന്നതും പ്രശ്നം വഷളാക്കുന്നു. ആർഎസ്എസ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ദക്ഷിണേന്ത്യ വിശേഷാൽ സമ്പർക്ക് പ്രമുഖ് കെ.ജയകുമാർ നേരിട്ടെത്തി കണ്ടെങ്കിലും സന്ദീപിന്റെ നിലപാടിൽ ചില സംശയങ്ങൾ ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്. സന്ദീപിന് അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം ഒറ്റപ്പാലത്ത് സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തെന്നു വരെ സംശയിക്കുന്ന നേതാക്കളുണ്ട്.
പി.കെ.കൃഷ്ണദാസ് സംസാരിച്ചതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരിട്ടു വിളിച്ചിട്ടും സന്ദീപ് അടുക്കാത്തതിനു പിന്നിലെന്ത് എന്നാണു പലരും സംശയിക്കുന്നത്. മാധ്യമങ്ങളോടു സംസാരിക്കാതെ മാറിനിൽക്കുക, പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന പ്രതികരണമാണ് ആർഎസ്എസ് നേതൃത്വം സന്ദീപിന് കൈമാറിയത്.
കൊടകര കുഴൽപണം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയതു ശോഭ സുരേന്ദ്രന്റെ പിന്തുണയോടെയാണെന്ന് തിരൂർ സതീഷ് പറഞ്ഞു. അക്കാര്യം ശോഭ നിഷേധിക്കുന്തോറും ഫോട്ടോ ഉൾപ്പെടെ പുറത്തുവിട്ട് സതീഷ് രംഗത്തുവരുന്നതിനു പിന്നിൽ ബിജെപിയിലെ ചില ഗ്രൂപ്പുകളുടെ പിന്തുണയും സംശയിക്കുന്നു. സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം മറുപക്ഷതത്തുനിന്നു കാര്യമായി ഉയരുന്നെങ്കിലും 2026 വരെ തുടരാനാണ് ദേശീയ നേതൃത്വം നിർദേശിച്ചതെന്ന് സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു.
പക്ഷേ ബൂത്ത് പ്രസിഡന്റ് മുതൽ ദേശീയ പ്രസിഡന്റ് വരെ മാറുന്ന നടപടിക്രമം പുരോഗമിക്കുമ്പോൾ കേരളത്തിൽ മാത്രമായി ഇളവില്ലെന്ന സൂചന ദേശീയ നേതൃത്വം നൽകിയെന്ന് മറുപക്ഷവും പറയുന്നു.
2021 ലെ തിരഞ്ഞെടുപ്പു സമയത്ത് മറ്റൊരു സംസ്ഥാന ഘടകവും കേൾപ്പിക്കാത്ത നാണക്കേടാണ് ബിജെപിക്ക് കേരളത്തിൽ നിന്നുണ്ടായത്. ഇപ്പോൾ രാജ്യസഭാംഗവും അന്നു കർണാടകയിലെ എംഎൽസിയുമായ ലഹർസിങ്ങിന്റെ പേരുൾപ്പെടെ കുഴൽപണക്കേസ് കുറ്റപത്രത്തിലുണ്ട്.
ആർഎസ്എസ് സംസ്ഥാന നേതാവും അന്നത്തെ സംഘടനാ ജനറൽ സെക്രട്ടറിയുമായ എം.ഗണേശനും കേസിൽപെട്ടു. ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടായാണ് ദേശീയ നേതൃത്വം വിലയിരുത്തിയത്. ദേശീയ നേതൃത്വം സംഭവത്തിൽ രഹസ്യാന്വേഷണം നടത്തി.