ജസ്റ്റിസ് മോഹനൻ കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നുവെന്ന വിലയിരുത്തലിൽ, അക്കാര്യം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷന്റെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നു മുതൽ 6 മാസത്തേക്കാണു പുതിയ കാലാവധി. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഇടപെടലുകളാണു കമ്മിഷൻ പ്രധാനമായും പരിശോധിക്കുന്നത്.
കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊഴികൾ അന്വേഷിക്കാൻ 2021 മേയ് 7നാണു കമ്മിഷനെ സർക്കാർ നിയമിച്ചത്. അതേവർഷം ഓഗസ്റ്റിൽ ഇ.ഡിയുടെ ഹർജിയിൽ കമ്മിഷന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇതോടെ, ഇ.ഡി.ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനോ തെളിവുകൾ ശേഖരിക്കാനോ കമ്മിഷനു കഴിയാത്ത സ്ഥിതിയായി. പ്രവർത്തനം ഏറെക്കുറെ നിശ്ചലമായ കമ്മിഷനെ പലതവണ കാലാവധി നീട്ടിനൽകിയാണു സർക്കാർ നിലനിർത്തിയത്. മലപ്പുറം താനൂർ തൂവൽത്തീരം ബീച്ചിൽ 2023 മേയിലുണ്ടായ ബോട്ടപകടത്തിന്റെ കാരണങ്ങളും അന്വേഷിക്കുന്നത് ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷനാണ്. ഇതിന്റെ കാലാവധിയും 6 മാസത്തേക്കു നീട്ടി.