ADVERTISEMENT

പാലക്കാട് ∙ കള്ളപ്പണം പരിശോധിക്കാനെന്ന പേരിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് പാതിരാത്രി പരിശോധന നടത്തിയത് സിപിഎമ്മിൽനിന്നുള്ള തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്നു സൂചന. പൊലീസിനു നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സേനയിൽത്തന്നെ അമർഷമുണ്ട്.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് നഗരത്തിലെ ഹോട്ടലിൽ മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിൽ ബുധനാഴ്ച അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ പണമൊന്നും കിട്ടിയില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് എഴുതിനൽകേണ്ട അവസ്ഥയിലായി എഎസ്പി അശ്വതി ജിജി. 

എന്നാൽ, അതിനുശേഷവും സംഭവം അന്വേഷിക്കുമെന്ന നിലപാട് പൊലീസ് ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ ശേഖരിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടില്ലെന്നു പൊലീസ് രാത്രി അറിയിച്ചു. 

ബുധനാഴ്ച രാത്രി റെയ്ഡിനു വനിതാ ഉദ്യോഗസ്ഥരില്ലാതെയാണ് പൊലീസ് ആദ്യമെത്തിയത്. ഷാനിമോൾ എതിർപ്പുന്നയിച്ചതോടെ വനിതാ പൊലീസിനെ എത്തിച്ചു. വസ്ത്രങ്ങൾ നിറച്ച പെട്ടികൾ ഉൾപ്പെടെ ചാനൽ ക്യാമറകളുടെ മുന്നിൽ പരിശോധിച്ചു. എംപിമാരായ വി.കെ.ശ്രീകണ്ഠൻ. ഷാഫി പറമ്പിൽ, കെപിസിസി നേതാക്കൾ എന്നിവർ വിവരമറിഞ്ഞെത്തിയപ്പോൾ സിപിഎം, ബിജെപി നേതാക്കൾ ഇവരെ തടയാൻ ശ്രമിച്ചു. ബിജെപി, സിപിഎം പ്രവർത്തകർ ഒരു ചേരിയിലും കോൺഗ്രസ് മറുചേരിയിലും നിന്നു തർക്കവും കയ്യാങ്കളിയുമായി.

പൊലീസെത്തും മുൻപുതന്നെ സിപിഎം നേതാക്കളെത്തിയിരുന്നതായി യുഡിഎഫ് ആരോപിക്കുന്നു. ഹോട്ടലിനകത്തു പണപ്പെട്ടിയുമായി ഒളിച്ചിരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങിവരണമെന്നു സിപിഎം, ബിജെപി നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ രാഹുൽ കോഴിക്കോട്ടുനിന്നു സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തി.

ഇന്നലെ രാവിലെ യുഡിഎഫ് നടത്തിയ ജില്ലാ പൊലീസ് ഓഫിസ് മാർച്ചിൽ കടുത്ത പ്രതിഷേധമുയർന്നു. രാഹുലിനു വേണ്ടി പണം കടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു സുരേഷ്ബാബു മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെ, പൊലീസ് ശേഖരിച്ചെന്നു പറയുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളി ചാനൽ വഴി പുറത്തുവന്നു. തന്റെ വസ്ത്രങ്ങളാണു പെട്ടിയിലുള്ളതെന്നു രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ജെബി മേത്തർ എംപി വനിതാ കമ്മിഷനു പരാതി നൽകി. യുഡിഎഫ് പണം കടത്തുകയാണെന്ന് ആരോപിച്ച് എൻഡിഎ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.

ജില്ലാ സെക്രട്ടറിക്കും സരിനും രണ്ടു നിലപാട്

പാലക്കാട് ∙ കള്ളപ്പണം എത്തിച്ചതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ജില്ലാ പെ‍ാലീസ് മേധാവിക്കു പരാതി നൽകി. അതേസമയം, ഷാഫി പറമ്പിൽ പൊലീസിനു തെറ്റായ വിവരം നൽകി നാടകം കളിച്ചെന്നാണ് മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി ഡോ.പി.സരിൻ ആരോപിച്ചത്. വിഷയത്തിൽ ഇടതുപക്ഷത്തുതന്നെ ഏകാഭിപ്രായമില്ലെന്നും ഇതോടെ വ്യക്തമായി. പൊലീസും ജില്ലാ ഭരണകൂടവും നൽകുന്ന വിശദീകരണത്തിലും വൈരുധ്യമുണ്ട്. കള്ളപ്പണം കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിൽ 57 സ്ക്വാഡുകൾ രാപകൽ പ്രവർത്തിക്കുമ്പോഴാണ് അവരെയെല്ലാം മറികടന്ന് നഗരത്തിലെ ഹോട്ടലിൽ പൊലീസ് പരിശോധനയ്ക്കെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, മാധ്യമപ്രവർത്തകൻ എം.വി. നികേഷ്കുമാർ എന്നിവരുടെ മുറികളും പൊലീസ് പരിശോധിച്ചതായാണ് ഇടതുനേതാക്കളുടെ വിശദീകരണം.

ഇടതു സ്വതന്ത്രന്റെ ഹോട്ടൽ

പാലക്കാട് ∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച കെ.പി.മുഹമ്മദ് മുസ്തഫയുടേതാണ് റെയ്ഡ് നടന്ന കെപിഎം റീജൻസി ഹോട്ടൽ. ഇടതുസഹയാത്രികനായ മുസ്തഫ ഈയിടെയും ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

എന്റെ പൊന്നണ്ണാ, കയ്യിൽ ചില്ലിക്കാശില്ലാത്തവന്റെ കോൺഫിഡൻസ് നിങ്ങൾക്കു പറഞ്ഞാൽ മനസ്സിലാകില്ല. ബോർഡ് അടിക്കാൻ കാശില്ലാത്തപ്പോഴാണ് ബാഗ് നിറയെ പണം കൊണ്ടുവന്നെന്ന് ആരോപിക്കുന്നത്. അല്ലെങ്കിൽതന്നെ ഈ ട്രോളിയിൽ എത്ര കൊള്ളും ? 25 ലക്ഷം രൂപ പോലും കൊള്ളുമെന്നു തോന്നുന്നില്ല.   

എന്തൊക്കെ കണ്ടെത്തിയെന്ന് രേഖാമൂലം എഴുതിത്തരണമെന്നു ഞാൻ ആവശ്യപ്പെട്ടു. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകി. എന്റെ പേര് ഉൾപ്പെടെ പരാമർശിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരുത്തി എഴുതിത്തന്നു. ബിന്ദു കൃഷ്ണയെ കണ്ടപ്പോഴാണ് ഇതേ രീതിയിൽ അവരുടെ മുറിയിലും പരിശോധന നടന്നതായി അറിയുന്നത്.  

English Summary:

Hint that Palakkad black money raid was done using fake information from CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com