ഐഎഎസ് വാട്സാപ് ഗ്രൂപ്പ് വിവാദം: ഫോൺ പരിശോധിച്ച റിപ്പോർട്ട് ഇന്ന് പൊലീസിന്
Mail This Article
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ 2 ഫോണുകളും പരിശോധിച്ച ഫൊറൻസിക് ലാബ് അധികൃതർ ഇന്നു പൊലീസിനു റിപ്പോർട്ട് നൽകും.
അതു ലഭിച്ചാൽ മാത്രമേ ഫോണുകൾ ആരെങ്കിലും ഹാക്ക് ചെയ്തോ എന്നറിയാൻ കഴിയൂവെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. ഗോപാലകൃഷ്ണൻ ഉപയോഗിച്ച 2 ഫോണുകളാണു പൊലീസ് പരിശോധനയ്ക്കു നൽകിയത്. ഫോൺ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു മെറ്റ കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു.
ഫോണിലുണ്ടായിരുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്ത ശേഷമാണു ഗോപാലകൃഷ്ണൻ പൊലീസിനു കൈമാറിയത്. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തു മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നാണു ഗോപാലകൃഷ്ണന്റെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് 4 ദിവസം കഴിഞ്ഞാണു ഗോപാലകൃഷ്ണൻ പരാതി നൽകിയത്.