കൊടകര കുഴൽപണം കവർച്ചക്കേസ്; 25 സാക്ഷികൾ പ്രതികളാകും
Mail This Article
കൊച്ചി ∙ കൊടകര കുഴൽപണം കവർച്ചക്കേസിലെ 200 സാക്ഷികളിൽ 25 പേർ കള്ളപ്പണം കടത്തൽ കേസിൽ പ്രതികളാവും. കേസിന്റെ തുടരന്വേഷണം പൂർത്തിയാവുമ്പോൾ മാത്രമേ ആരെയെല്ലാം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അറിയാൻ കഴിയൂ.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥികളുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാക്കൾക്കു നൽകാൻ 41.40 കോടി രൂപയുടെ കള്ളപ്പണം കടത്തിയെന്നാണു കേസിലെ മുഖ്യസാക്ഷിയായ ധർമരാജന്റെ മൊഴി.
ധർമരാജൻ അടക്കം 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണം കടത്തു സംബന്ധിച്ച വെളിപ്പെടുത്തലുണ്ട്. ഇതിൽ പലതും കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതാണ്. യഥാർഥത്തിൽ കേരളത്തിലേക്കു കടത്തിയ കള്ളപ്പണത്തിന്റെ പകുതിയിൽ കുറവു തുക മാത്രമാണു ധർമരാജൻ വെളിപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് 3.50 കോടി രൂപയാണെങ്കിലും ധർമരാജനും പണം ഒളിപ്പിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവറും നൽകിയ പരാതിയിൽ പറഞ്ഞതു 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കവർച്ച ചെയ്യപ്പെട്ടതു 3.50 കോടി രൂപയാണെന്ന വിവരം പുറത്തുവന്നത്.
2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 22 തവണയായി 32.50 കോടി രൂപ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എത്തിച്ചതിന്റെ വിശദാംശങ്ങൾ ധർമരാജന്റെ മൊഴിയിലുണ്ടെങ്കിലും ഓരോ തവണയും കടത്തിയ യഥാർഥ തുകയുടെ പകുതിപോലും ധർമരാജൻ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കേസിലെ പരാതിക്കാരനും സാക്ഷിയുമായ ധർമരാജനെ ചോദ്യംചെയ്യുന്നതിന്റെ പരിമിതി കൊടകര കവർച്ച കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനുണ്ടായിരുന്നു. എന്നാൽ കള്ളപ്പണം കടത്തുകേസിൽ പ്രതിയാക്കി ധർമരാജനെ ചോദ്യംചെയ്താൽ യഥാർഥ വിവരങ്ങൾ പുറത്തുവരും.