പാലക്കാട്ടെ പാതിരാപ്പരിശോധന; തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമില്ലാതെ
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോ ഇല്ലാതെയാണു പാലക്കാട്ടെ പൊലീസ് പാതിരാത്രി ഹോട്ടലിൽ കയറി വനിതകൾ താമസിച്ച മുറിയിൽ കള്ളപ്പണം പരതിയത്. സാധാരണ, തിരഞ്ഞെടുപ്പു കമ്മിഷൻ രൂപീകരിക്കുന്ന ഇലക്‌ഷൻ മോണിറ്ററിങ് സെല്ലാണ് കള്ളപ്പണം പിടികൂടുന്നത്. ആ സംഘത്തിനു സംരക്ഷണം നൽകുന്ന ജോലിയാണു പൊലീസിനുള്ളത്. സെല്ലിന്റെ പരിശോധന നടക്കുമ്പോൾ സ്വതന്ത്ര ഉദ്യോഗസ്ഥൻ, വിഡിയോഗ്രഫർ എന്നിവരും ഒപ്പം വേണം.
കണ്ടെത്തുന്ന പണം ആദായ നികുതി വകുപ്പിനു കൈമാറും. പരാതിയില്ലെങ്കിലും സംശയമുള്ള വാഹനം പരിശോധിക്കാം. ഹോട്ടലിൽ കയറി പരിശോധന നടത്താറില്ല. പൊലീസ് അത്തരത്തിൽ പരിശോധന നടത്തിയാൽ അതിന്റെ ആവശ്യം കമ്മിഷനു ബോധ്യപ്പെടണം. എന്നാലും വനിതാ പൊലീസോ വനിതാ ഉദ്യോഗസ്ഥരോ ഇല്ലാതെ വനിതകൾ മാത്രമുള്ള മുറിയിൽ ഇത്തരം ആവശ്യത്തിനായി അർധരാത്രി കയറില്ല.
ഇവിടെ കമ്മിഷൻ ഇക്കാര്യത്തെക്കുറിച്ചു മുൻകൂട്ടി അറിഞ്ഞിട്ടില്ല. റേഞ്ച് ഐജി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരും പരിശോധന അറിഞ്ഞില്ലെന്നാണു സൂചന.തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ ജില്ലയിലെ ഉദ്യോഗസ്ഥർ മുഴുവൻ കമ്മിഷന്റെ നിയന്ത്രണത്തിലായിരിക്കും. അവരെ മന്ത്രിമാർ അടക്കമുളള സർക്കാരിന്റെ പ്രധാനികൾ യോഗത്തിനു വിളിക്കാനോ ഫോണിൽ ബന്ധപ്പെടാനോ പാടില്ലെന്നാണു മാർഗനിർദേശം. ഇവിടെ പാലക്കാട് എസ്പിയെ ഒരു മന്ത്രി വിളിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനി 2 പ്രാവശ്യം വിളിച്ചതായും ഇന്റലിജൻസ് ഏജൻസികൾക്കു വിവരം ലഭിച്ചു.
സംഘർഷം 3 മണിക്കൂർ
∙ ചൊവ്വ രാത്രി 11.35: രണ്ടു ജീപ്പുകളിലായി പൊലീസ് ഉദ്യോഗസ്ഥർ പാലക്കാട് റോബിൻസൺ റോഡിലെ കെപിഎം റീജൻസി ഹോട്ടലിലും സമീപത്തെ പ്രസ് ക്ലബ് പരിസരത്തും നിരീക്ഷണത്തിനു നിൽക്കുന്നു
∙ 12.05: മഫ്തിയിലായിരുന്ന ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പൊലീസ് സംഘം താഴത്തെ നിലയിൽ ഷാനിമോൾ ഉസ്മാൻ താമസിച്ചിരുന്ന റൂം നമ്പർ 1005 ന്റെ വാതിലിൽ മുട്ടി. വാതിൽ തുറന്നില്ല
∙ 12.10: പിന്നാലെ മറ്റൊരു സംഘം ബിന്ദു കൃഷ്ണ താമസിച്ചിരുന്ന റൂം നമ്പർ 3014 ൽ എത്തി. ബിന്ദു കൃഷ്ണയുടെ ഭർത്താവ് എസ്.കൃഷ്ണകുമാറും മുറിയിൽ ഉണ്ടായിരുന്നു. പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
∙12.15: ഷാനിമോൾ ഉസ്മാൻ മുറി തുറക്കാൻ തയാറായില്ല. വനിതാ ഉദ്യോഗസ്ഥർ വരണമെന്നും മുറി പരിശോധിക്കാനുള്ള ഓർഡർ വേണമെന്നും ആവശ്യപ്പെട്ടു
∙12.20: ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ ഷാനിമോൾ ഉസ്മാന്റെ മുറിക്കു പുറത്തെത്തി. ഇതോടെ മുറി പരിശോധിക്കാൻ ഷാനിമോൾ സമ്മതിച്ചു. മുറിയിൽനിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
∙ 12.30: റെയ്ഡ് വിവരം അറിഞ്ഞ് സിപിഎം, ബിജെപി നേതാക്കൾ ഹോട്ടലിനു പുറത്തു തമ്പടിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പണവുമായി ഹോട്ടലിനകത്തുണ്ടെന്നും എത്രയും വേഗം പുറത്തുവരണമെന്നും സിപിഎം, ബിജെപി നേതാക്കളുടെ ആവശ്യം
∙ 12.40: വനിതാ ഉദ്യോഗസ്ഥരെ എത്തിച്ചു മുറികളിലെ പരിശോധന പൂർത്തിയാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
∙ 12.50: മറ്റു കോൺഗ്രസ് നേതാക്കളുടെ മുറികളും പരിശോധിക്കണമെന്ന ആവശ്യവുമായി സിപിഎം, ബിജെപി നേതാക്കളും സിപിഎം നേതാക്കളുടെ മുറികളിൽ പരിശോധന ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും പുറത്തുനിന്നു റിസപ്‌ഷൻ മേഖല വളഞ്ഞു. ഇതിനിടെ ഹോട്ടലിലേക്ക് എത്തിയ എംപിമാരായ വി.കെ.ശ്രീകണ്ഠനെയും ഷാഫി പറമ്പിലിനെയും സിപിഎം, ബിജെപി നേതാക്കൾ പുറത്തു തടഞ്ഞതോടെ വലിയ സംഘർഷം
∙ 1.30: എഎസ്പി സ്ഥലത്തെത്തി മുന്നണി നേതാക്കളുമായി ചർച്ച നടത്തുന്നു. പരിശോധനയുടെ റിപ്പോർട്ട് നൽകിയാൽ സ്ഥലത്തുനിന്നു പിരിഞ്ഞു പോകാമെന്നു കോൺഗ്രസ് നേതാക്കൾ അറിയിക്കുന്നു
∙ പുലർച്ചെ 2.00: എഡിഎമ്മും തിരഞ്ഞെടുപ്പു സ്ക്വാഡും സ്ഥലത്തെത്തി വീണ്ടും പരിശോധന. ഇതിലും ഒന്നും കണ്ടെത്തിയില്ല
∙ 2.15: പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നു രേഖപ്പെടുത്തിയ റിപ്പോർട്ട് പൊലീസ് കോൺഗ്രസ് നേതാക്കൾക്കു കൈമാറുന്നു
∙ 2.20: താൻ കോഴിക്കോട്ടാണെന്നു പറഞ്ഞു കോഴിക്കോട് പൊലീസ് സ്റ്റേഷനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക് ലൈവ്
∙ 2.35: അപാകതകൾ പരിശോധിച്ചു നടപടിയെടുക്കാമെന്ന പൊലീസിന്റെ ഉറപ്പിൽ നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയി
∙ 2.45: ക്യാംപുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം സ്ഥലത്തേക്ക്.
∙ 3.00: സംഘർഷാവസ്ഥയ്ക്കു സമാപനം