ADVERTISEMENT

കൊച്ചി∙ ക്രിമിനൽ കേസും ജയിലും ഒഴിവാക്കാൻ അധ്യാപകർ വിദ്യാർഥികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്നു ഹൈക്കോടതി. എന്തു ചെയ്യണം, ചെയ്യരുതെന്ന ഭയപ്പാടിൽ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു ഭീഷണിയാണെന്നും കോടതി പറഞ്ഞു.

ഡെസ്കിനു മുകളിൽ കാൽ കയറ്റി വച്ചിരുന്ന ഏഴാംക്ലാസ് വിദ്യാർഥിയെ തല്ലിയതിന്റെ പേരിൽ അധ്യാപികയ്ക്കെതിരെ തൃശൂർ വാടാനപ്പള്ളി പൊലീസ് എടുത്ത കേസിലെ നടപടികൾ റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. അച്ചടക്ക പാലനത്തിന്റെ ഭാഗമായി ശാസിച്ചതാണെന്ന് അധ്യാപിക ഹർജിയിൽ ചൂണ്ടിക്കാട്ടി. ‘വീട്ടിൽ ചെയ്യുന്നതു പോലെ ഇവിടെ ചെയ്യരുത് എന്നു പറഞ്ഞപ്പോൾ, ‘വീട്ടുകാരെ പറഞ്ഞതു കൊണ്ട് ടീച്ചറെ അസഭ്യം പറഞ്ഞു’ എന്നു കുട്ടി തന്നെ മൊഴി നൽകിയതും ചൂണ്ടിക്കാട്ടി.

കുട്ടി മാന്യമല്ലാതെ ക്ലാസിൽ ഇരിക്കുന്നതു കണ്ടപ്പോൾ, കർത്തവ്യനിരതയായ അധ്യാപിക അച്ചടക്കം നിലനിർത്താൻ ശ്രമിച്ചതാണ് ഇവിടെ കേസിനു കാരണമായതെന്നു കോടതി ചൂണ്ടിക്കാട്ടി. അധ്യാപികയെ അസഭ്യം വിളിച്ചു കുട്ടി പ്രതികരിച്ചതിനെ തുടർന്നാണ് അധ്യാപിക അടിച്ചത്.

സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോൾ ഗുരുശിഷ്യബന്ധം തന്നെ അവതാളത്തിലായെന്നു കോടതി പറഞ്ഞു. ദക്ഷിണയായി ഗുരുവിനു പെരുവിരൽ മുറിച്ചു നൽകിയ ഏകലവ്യന്റെ കഥയുണ്ട് മഹാഭാരതത്തിൽ. ഇന്നാകട്ടെ, അധ്യാപകരോടുള്ള അനാദരം ചില കുട്ടികളുടെ ശീലമാണ്. കുട്ടികളെ നേരെയാക്കാൻ നിർദേശങ്ങൾക്കും ശിക്ഷയ്ക്കും മുതിർന്നാൽ, അതിന്റെ സദുദ്ദേശ്യം പോലും പരിഗണിക്കാതെ ജാമ്യമില്ലാക്കേസിൽ കുടുക്കാനാണു കുട്ടികൾ നോക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ അച്ചടക്കമുള്ള യുവതലമുറയെ എങ്ങനെ വാർത്തെടുക്കും? ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു കോടതി പറഞ്ഞു.

കുട്ടിയെ ശാരീരികമായോ, മാനസികമായോ ഉപദ്രവിക്കാൻ അധ്യാപികയ്ക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ബാലനീതി നിയമം ചുമത്തി കേസ് എടുത്തതു നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി, കേസും തൃശൂർ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള തുടർ നടപടികളും റദ്ദാക്കി.

English Summary:

Teachers must be careful with students: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com